balot-box

പാനൂർ : 1961 ൽ പാട്യം പഞ്ചായത്ത് രൂപീകരിച്ച്‌ 1963 ൽ നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പിൽ
ഖദർ വസ്ത്രധാരിയായ ദീർഘകായൻ എ.സി കുഞ്ഞമ്പു സർവേയറായിരുന്നു പ്രസിഡന്റായത്. പാട്യത്തും പരിസരങ്ങളിലുമുള്ള എല്ലാ പൊതുകാര്യങ്ങളിലും നേതൃത്വം വഹിച്ച പ്രജാ സോഷ്യലിസ്റ്റ് പാർട്ടിക്കാരനായ അദ്ദേഹത്തിനെതിരെ സി.പി.എമ്മും കോൺഗ്രസും മത്സരിച്ചിരുന്നു. സി പി എമ്മിലെ പി.പി.ഗോവിന്ദനും പി.എസ്.പി യിലെ അദ്ധ്യാപക നേതാവായിരുന്ന ടി.കെ.കൃഷ്ണൻ മാഷും കോൺഗ്രസിലെ സി.പി. കുമാരൻ മാഷുമൊക്കെയായിരുന്നു വിജയിച്ചവരിൽ പ്രമുഖർ.

വിഷഹാരിയും അദ്ധ്യാപകനുമായ ശങ്കരൻ മാഷും ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി മത്സരിച്ചിരുന്നു. നാടിന്റെ പലഭാഗത്തു നിന്നും ആർക്കെങ്കിലും പാമ്പുകടിയേറ്റാൽ ആദ്യമെത്തുക സൗത്ത് പാട്യം യു.പി.സ്ക്കൂളിനു സമീപത്തുള്ള ശങ്കരൻ മാസ്റ്റരുടെ വീട്ടിലാണ്. ശങ്കരൻ മാസ്റ്റർ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ വിഷം തീണ്ടിയവരെ കടിയുടെ ലക്ഷണം നോക്കി ചികിത്സിക്കും. പി.എസ്.പിക്കാരനായ ടി.കെ കൃഷ്ണൻമാസ്റ്ററോടുള്ള മത്സരത്തിൽ അന്ന് ശങ്കരൻ മാസ്റ്റർ പരാജയപ്പെട്ടു. പി.എസ്.പിക്കാരുടെ ആഹ്ളാദപ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം ഇതായിരുന്നു. "പാമ്പേ കടിക്യോ, തേളേ കുത്തുവോ തോറ്റപ്പാ തോറ്റപ്പാ...." പരിഹാസ മുദ്രാവാക്യം കേട്ട് മനോവിഷമത്തിലായ ശങ്കരൻ മാസ്റ്റർ അന്നൊരു തീരുമാനമെടുത്തു. രാത്രി പാമ്പുകടിയേറ്റ് ആരു വന്നാലും ചികിത്സിക്കേണ്ടെന്ന്.അന്ന് രാത്രി തന്നെ ശങ്കരൻ മാസ്റ്റർ ക്കെതിരെ മുദ്രാവാക്യം മുഴക്കിയ പി.എസ്.പി പ്രവർത്തകൻ എ.സി ബാലനെ വീട്ടിലേക്ക് തിരിച്ചു വരും വഴി പാമ്പുകടിച്ചു.

ശങ്കരൻമാസ്റ്ററുടെ ദൃഢപ്രതിജ്ഞയറിഞ്ഞ് ചെറുവാഞ്ചേരിയിൽ നിന്ന് വിഷഹാരിയെ എത്തിച്ചാണ് അന്ന് ചികിത്സ നൽകിയതെന്ന് പാട്യത്തെ പഴയ തലമുറ പറയുന്നു.വാഗ്ഭടാനന്ദ ഗുരുദേവരുടെ ശിഷ്യനും സംസ്‌കൃത പണ്ഡിതനും കവിയുമായ വി.കെ.കെ ഗുരുക്കളുടെ ജാമാതാവാണ് ശങ്കരൻ മാസ്റ്റർ.

എ.സി. കുഞ്ഞമ്പു സർവയർക്കെതിരെ മത്സരിച്ചത് നാണു നമ്പ്യാരായിരുന്നു.16 വർഷങ്ങൾക്ക് ശേഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുഞ്ഞമ്പു സർവേയരുടെ മകൻ പാട്യം സത്യൻ ജനതാ പാർട്ടി സ്ഥാനാർഥിയായും ശങ്കരൻ മാസ്റ്റരുടെ മകൻ രാം മോഹൻ ഇടത് സ്വതന്ത്രനായും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടി. പാട്യം സത്യനായിരുന്നു ജയം.