കാസർകോട്: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള ഘടകകക്ഷികളുടെ സീറ്റ് വിഭജന ചർച്ചക്കായി ഇടതുമുന്നണി യോഗം ഇന്ന് നീലേശ്വരത്ത് ചേരും. ഓരോ ഘടകകക്ഷികളുമായി പ്രത്യേകം ഉഭയകക്ഷി ചർച്ചകൾ നടത്തിയതിന് ശേഷം സി.പി.എം നേതൃത്വം മുന്നണി യോഗത്തിൽ തീരുമാനം റിപ്പോർട്ട് ചെയ്യും.
തുടർന്ന് സീറ്റുകൾ സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. കാസർകോട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിനായി പിലിക്കോട് ഡിവിഷൻ എൽ.ജെ.ഡിക്ക് വിട്ടുകൊടുക്കാൻ തീരുമാനം ഉണ്ടായേക്കും. എൽ.ജെ.ഡിയെ പിണക്കാതെ സീറ്റു വിഭജനം പൂർത്തിയാക്കണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരിയ വോട്ടിന്റെ വ്യത്യാസത്തിന് കൈവിട്ടുപോകുന്ന ജില്ലയിലെ മറ്റു സീറ്റുകളിൽ എൽ.ജെ.ഡി ബന്ധം തുണയാകുമെന്നാണ് സി.പി.എം വിലയിരുത്തൽ. പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് നേരത്തെ എൽ.ജെ.ഡിക്ക് സീറ്റ് വിട്ടുകൊടുക്കാൻ പ്രയാസമുണ്ടെന്ന നിലപാട് സി.പി.എം കൈക്കൊണ്ടത്. അതേസമയം തൃക്കരിപ്പൂർ പഞ്ചായത്തിലും കാഞ്ഞങ്ങാട് നഗരസഭയിലും കുമ്പളയിലും എൽ.ജെ.ഡിയെ പിണക്കുന്നത് ദോഷം ചെയ്യുമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. പ്രബലരായ ചില നേതാക്കൾ എൽ.ജെ.ഡിക്ക് പിലിക്കോട് വിട്ടുകൊടുക്കണമെന്ന അഭിപ്രായ ഗതിക്കാരുമാണ്.
ഇത്തവണ കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കാൻ പിലിക്കോട് സീറ്റ് നിർണ്ണായകമാണ്. എൽ.ജെ.ഡിയെ പിണക്കിയാൽ പിലിക്കോട് സീറ്റ് കൈവിടുമോയെന്നും ജില്ലാ പഞ്ചായത്തിൽ ഒരിക്കൽ കൂടി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമോയെന്നും ആശങ്കയുണ്ട്.
2005 ൽ ആദ്യത്തെ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ഭാഗമായി സോഷ്യലിസ്റ്റ് നേതാവ് സി. കുഞ്ഞിക്കണ്ണൻ ലീഗിലെ എം.സി. ഖമറുദ്ദീനോട് ഏറ്റുമുട്ടിയ ഡിവിഷനാണിത്. പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂർ പഞ്ചായത്തിലെ യു.ഡി.എഫ് ശക്തികേന്ദ്രങ്ങളുടെ സഹായത്തോടെ ഖമറുദ്ദീൻ അന്ന് ജയിച്ചു കയറി. 2010 ൽ സി.പി.എം കോട്ടയായ പിലിക്കോട് പഞ്ചായത്തിനെ ഉൾപ്പെടുത്തി ഡിവിഷൻ വെട്ടിമുറിച്ചപ്പോൾ വിജയം ശശി നടക്കാവിലൂടെ ഇടതുമുന്നണി സ്വന്തമാക്കി. വീരേന്ദ്രകുമാറിന്റെ പാർട്ടി ഇടതുമുന്നണിയോട് പിണങ്ങി യു.ഡി.എഫിന്റെ തട്ടകത്തിലേക്ക് പോയതിനാലാണ് 2015 ൽ കോൺഗ്രസിലെ പത്മജയിലൂടെ പിലിക്കോട് കൈവിട്ടുപോയതെന്ന ചരിത്രം മുമ്പിലുണ്ട്.