cctv

കാസർകോട്: നടിയെ അക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ യുവാവിനെ ഭീഷണിപ്പെടുത്തിയതിന് പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുള്ളതായി ബേക്കൽ പൊലീസ് ഹൊസ്ദുർഗ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഉന്നത ഇടപെടൽ സംബന്ധിച്ചു വിശദമായി അന്വേഷണം വേണമെന്നും കേസ്‌ അന്വേഷിച്ച ബേക്കൽ ഇൻസ്‌പെക്ടർ അനിൽകുമാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. കേസിൽ മാപ്പുസാക്ഷിയായ ബേക്കൽ കോട്ടിക്കുളത്തെ വിപിൻ ലാലിനെ മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പിന്തുടർന്ന് ഭീഷണിപ്പെടുത്തിയത് കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ സെക്രട്ടറി പ്രദീപ് കുമാറാണെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. ഫോൺ കോളുകളും സി.സി. ടി.വി. ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

അതേസമയം, കത്തയച്ചത് ഇയാൾ തന്നെയാണോ എന്നും കണ്ടെത്തേണ്ടതുണ്ട്. വിപിൻലാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആളിനെ തിരിച്ചറിഞ്ഞതായി ബേക്കൽ പൊലീസ് ഹൊസ്ദുർഗ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ ജനുവരി 23 നാണ് കേസിലെ പ്രധാന പ്രോസിക്യൂഷൻ സാക്ഷിയായ വിപിൻലാലിനെ തേടി കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ സെക്രട്ടറി പ്രദീപ് കുമാർ ബേക്കലിലെത്തിയത്. ഓട്ടോയിലിറങ്ങി തൃക്കണ്ണാട്ടുള്ള അമ്മയുടെ വീട്ടിലെത്തിയ പ്രദീപ്, വിപിനെ നേരിട്ട് കാണാൻ പറ്റാത്തതിനെ തുടർന്ന് അമ്മാവൻ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജുവലറിയിലെത്തി. അവിടെ നിന്ന് അമ്മയെ വിളിച്ച് വിപിന്റെ വക്കീൽ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും വിപിനോട് മൊഴിമാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു.

പിന്നീട് മൂന്ന് തവണ കത്തുകളിലൂടെയും സമ്മർദം തുടർന്നു. സമ്മർദ്ദം കടുത്തതോടെ സെപ്തംബർ 26 ന് വിപിൻ ബേക്കൽ പോലീസിന് പരാതി നൽകി. അന്വേഷണത്തിൽ ജ്വല്ലറിയിലെ സി.സി.ടി.വി ദൃശ്യങ്ങളും ലോഡ്ജിൽ നൽകിയ തിരിച്ചറിയിൽ രേഖകളും കണ്ടെത്തിയതോടെയാണ് പിന്നിൽ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്.

അതേസമയം, കത്ത് എഴുതിയതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. വിപിൻ ലാലിനെ വിളിക്കാൻ മാത്രമായി പ്രദീപ് സിം കാർഡ് എടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ജനുവരി 28 നായിരുന്നു പ്രദീപ് കുമാർ വിപിൻലാലിനെ ഫോണിൽ വിളിച്ച് കൂറുമാറണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ ടവർ ലൊക്കേഷൻ പത്തനാപുരം ആയിരുന്നു. ഇത് വിപിൻലാൽ ബേക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. കാഞ്ഞങ്ങാട്ടെത്തി വിപിനെ വിളിച്ചതിനു ശേഷം സ്വന്തം ഫോണുപയോഗിച്ച് രണ്ട് പ്രധാന വ്യക്തികളെ കൂടി പ്രദീപ് കുമാർ വിളിച്ചിട്ടുണ്ട്. ഇവർ ആരാണെന്നും കണ്ടെത്തേണ്ടതുണ്ട്. കേസിൽ ഉന്നതരുൾപ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്ന തെളിവുകളാണ് ഇതിലൂടെ പുറത്തുവരുന്നത്.

കാഞ്ഞങ്ങാടെ ഹോട്ടലിൽ തങ്ങിയപ്പോൾ നൽകിയ മേൽവിലാസം പ്രദീപ് കുമാറിന്റേതാണ്. തുടർന്ന് വിപിൻ ലാലിന്റെ അമ്മാവൻ ഗിരീഷ് കുമാർ ജോലി ചെയ്യുന്ന ജുവലറിയിൽ എത്തി വാച്ച് സെക്ഷനിൽ നിന്ന് 6000 രൂപ മുടക്കി വാച്ച് വാങ്ങി. എന്നാൽ. ഇതിന്റെ ബില്ലിൽ വ്യാജ പേരാണ് നൽകിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. എറണാകുളം അടക്കമുള്ള ഭാഗങ്ങളിലും തമിഴ്നാട്ടിലെ തിരുനെൽവേലി, പത്തനംതിട്ട, കൊട്ടാരക്കര എന്നിവിടങ്ങളിലും ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. തമിഴ് നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് മൊബൈൽ സിം കാർഡ് എടുത്തത്.

ചങ്ങനാശേരിയിലെ ജോലി സ്ഥലത്തും ബന്ധുവിന്റെ കടയിലും എത്തി ഭീഷണി തുടർന്നതോടെയാണ് വിപിൻലാൽ ബേക്കലിലെ അമ്മയുടെ വീട്ടിൽ എത്തി രഹസ്യമായി താമസം തുടങ്ങിയത്. അവിടെയും എത്തി ഭീഷണി തുടരുകയാണ് സംഘം ചെയ്തത്. ഇതിന് പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം .