തൃക്കരിപ്പൂർ: കൊവിഡ് പ്രതിസന്ധിയിലായ തെയ്യം കലാകാരന്മാർക്കും അനുബന്ധ മേഖലയിലുള്ളവർക്കും ആശ്വാസ സഹായം എത്തിച്ച് ക്ഷേത്ര കമ്മിറ്റികൾ. തെയ്യങ്ങളും കളിയാട്ടങ്ങളും മുടങ്ങിയതോടെ നൂറുകണക്കിന് കുടുംബങ്ങൾ ആശങ്കയിലായിട്ടുണ്ട്. പേക്കടം ശ്രീ കുറുവാപ്പള്ളി അറ, പിലിക്കോട് വീതുകുന്ന് വടക്കേം വാതിൽക്കൽ വിഷ്ണുമൂർത്തി ക്ഷേത്രം എന്നിവയ്ക്ക് പിന്നാലെ പിലിക്കോട് ശ്രീ മല്ലക്കര തായലെ വീട് തറവാടും കോലധാരികൾക്കും, ശ്രീ കരക്കാവ് ഭഗവതി ക്ഷേത്ര ആചാരസ്ഥാനികർക്കും ധനസഹായവിതരണം നൽകി.
കോലധാരി, ചെണ്ടക്കാർ, മുഖത്തെഴുത്ത് കലാകാരന്മാർ തുടങ്ങി നിരവധി പേരാണ് തെയ്യവുമായി ചുറ്റിപ്പറ്റി ഉപജീവനം നടത്തുന്നത്. ഇവരുടെ വരുമാനം നഷ്ടപ്പെടുന്നതോടൊപ്പം, സങ്കടങ്ങൾ മനസ്സിൽ ആരാധിക്കുന്ന ദൈവത്തിന്റെ മുന്നിൽ അവതരിപ്പിച്ച് ആശ്വാസം കണ്ടെത്തുന്ന വിശ്വാസ സമൂഹത്തിന്റെ അവസരം കൂടിയാണ് കൊവിഡ് ഇല്ലാതാക്കിയത്. കഴിഞ്ഞ മാർച്ച് മാസത്തിന് ശേഷം തെയ്യാട്ടക്കാവുകൾ ഉറങ്ങിക്കിടക്കുകയാണ്. ഇനി എത്രനാൾ കാത്തിരിക്കേണ്ടി വരും എന്നതിനെക്കുറിച്ചും ധാരണയില്ല.