vote

തലശ്ശേരി: സി.പി.എം വിമതനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെ അക്രമത്തിന് ഇരയാവുകയും ചെയ്ത സി.ഒ.ടി നസീറിന് അനുകൂലിക്കുന്നവർ ഇക്കുറി തലശ്ശേരി നഗരസഭ തിരഞ്ഞടുപ്പിൽ മത്സരിക്കുന്നു. നസീർ നേതൃത്വം നൽകുന്ന കിവീസ് ക്ലബ്ബ് രണ്ട് സ്ഥാനാർഥികളെയാണ് രംഗത്തിറക്കി പ്രചാരണം ആരംഭിച്ചത്.

തലശേരി നഗരസഭയിലെ 45ാം വാർഡായ മാരിയമ്മ വാർഡിൽ വലീദ് ബഷീർ മൂസയും 49ാം വാർഡായ പാലിശേരിയിൽ മുഹമ്മദ് ഷുഹൈബുമാണ് കിവീസിന്റെ പേരിൽ രംഗത്തിറങ്ങിയത്. കാലഘട്ടത്തിന് അനിവാര്യമായ സ്ഥാനാർഥിയെന്ന മുഖവുരയോടെയാണ് പോസ്റ്റർ ഇറക്കി പ്രചാരണത്തിനിറങ്ങിയത്.

തലശേരി നഗരസഭയിലെ 10 വാർഡുകളിൽ സ്ഥാനാർഥികളെ ഇറക്കി മത്സരിപ്പിക്കാൻ കിവീസ് ആലോചിച്ചിരുന്നെങ്കിലും അവസാനഘട്ടം രണ്ടോ മൂന്നോ സ്ഥാനാർത്ഥികളിൽ ഒതുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും സി.ഒ.ടി നസീർ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെ അക്രമത്തിന് ഇരയായ സി.ഒ.ടി നസീറിന്റെ കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്ന നസീറിന്റെ ഹർജി ഹൈക്കോടതി മുമ്പാകെയാണുള്ളത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ നസീർ ഇപ്പോഴും ശാരീരിക വിഷമതകൾ അനുഭവിച്ചുവരികയാണ്. തലശേരി നഗരസഭയിലെ 48ാം വാർഡിൽ സി.ഒ.ടി നസീറിന്റെ സഹോദരൻ സി.ഒ.ടി ശബീർ സി.പി.എം ബാനറിൽ മത്സരിക്കുന്നുണ്ട്.