കണ്ണൂർ : തെളിഞ്ഞ പുഞ്ചിരിയും പ്രസന്നതയും കൊടിയടയാളമാക്കിയ നേതാവ്. എതിരാളികൾ പോലും അംഗീകരിക്കുന്ന വ്യക്തിപ്രഭാവം. പാർട്ടിക്കകത്തും പുറത്തും ഏതു പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ഒരു കോടിയേരിടച്ചുണ്ട്. സംഘടനയിൽ എല്ലാവരും ഒപ്പം വേണം, ആരും പുറത്തേക്ക് പോകരുതെന്ന പ്രത്യയശാസ്ത്രമാണ് കോടിയേരി എന്നും പിന്തുടർന്നിരുന്നത്. വെല്ലുവിളികളെ പുഞ്ചിരിയോടെ ഏറ്റെടുക്കാനുള്ള പാടവം തിരിച്ചറിഞ്ഞ സഹപ്രവർത്തകർക്ക് വഴിയും വഴികാട്ടിയുമായിരുന്നു കോടിയേരി. ആരുമായും എളുപ്പത്തിൽ ഇഴുകിച്ചേരാനും അവരിലൊരാളാവാനും കഴിയുന്ന പൊതുപ്രവർത്തകരിലെ അപൂർവമാതൃക. മകന്റെ പേരിൽ ആരോപണം ഉയർന്നപ്പോഴും തെറ്റുകാരനാണെങ്കിൽ തൂക്കികൊല്ലട്ടേയെന്നു നെഞ്ച് വിരിച്ച് പറയാൻ കഴിഞ്ഞതും ഇതുകൊണ്ടൊക്കെയായിരുന്നു. ആരിലും നീരസമുണ്ടാക്കാതെ എല്ലാവർക്കും സ്നേഹത്തിന്റെ പ്രത്യയശാസ്ത്രം പകർന്നു കൊണ്ടായിരുന്നു ആ രാഷ്ട്രീയ യാത്ര.
സ്‌കൂൾ അദ്ധ്യാപകനായ കുഞ്ഞുണ്ണി കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായ ബാലകൃഷ്ണനിൽ നിന്നു കോടിയേരിയിലേക്കുള്ള ദൂരം സൗമ്യതയുടെ നാഴികക്കല്ലുകൾ പിന്നിട്ടതായിരുന്നു. 1969ൽ സി.പി.എമ്മിൽ അംഗത്വം നേടിയ കോടിയേരി 1980ൽ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലൂടെ സി.പി.എമ്മിന്റെ കരുത്തനായ യുവനേതാവായി ഉയർന്നതും പെട്ടെന്നായിരുന്നു. അടിയന്തരാവസ്ഥയിൽ 16 മാസം മിസ തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞതോടെയാണ് കോടിയേരി ശ്രദ്ധേയനാകുന്നത്.
1982ൽ തലശേരിയിൽ നിന്നായിരുന്നു നിയമസഭയിലേക്ക് കന്നിയങ്കം. തലശ്ശേരി എം.എൽ.എയായിരുന്ന എം.വി.രാജഗോപാലന്റെ പിന്തുടർച്ചക്കാരനായാണ് നിയമസഭയിലെത്തിയത്. രാജഗോപാലന്റെ മകൾ വിനോദിനി ജീവിത പങ്കാളിയുമായി.1987 ,2001, 2006, 2011 തിരഞ്ഞെടുപ്പുകളിലും തലശ്ശേരിയുടെ പ്രതിനിധിയായി നിയമസഭയിലെത്തി.1988 ൽ സി.പി.എം. സംസ്ഥാന സമിതിയിലെത്തിയ കോടിയേരിക്ക് 2003 ൽ കേന്ദ്രകമ്മിറ്റിയിലേക്കും 2008 ൽ പോളിറ്റ്ബ്യൂറോയിലേക്കും എതിരാളികളില്ലാതെ നടന്നു കയറാൻ കഴിഞ്ഞതും വ്യക്തിത്വ സവിശേഷതകൾ കൊണ്ടായിരുന്നു.
വിഭാഗീയതകളിൽ മദ്ധ്യസ്ഥന്റെ റോൾ
സി.പി. എമ്മിൽ വിഭാഗീയത കത്തിപ്പടരുമ്പോൾ അവിടെയെല്ലാം മദ്ധ്യസ്ഥന്റെ റോൾ കോടിയേരിക്കായിരുന്നു. പാർട്ടിയിൽ നിന്നു ഒരു വിഭാഗം പുറത്തുപോയി ആർ.എം.പി പോലുള്ള സംഘടനകൾ രൂപീകരിച്ചപ്പോഴും അവരിൽ കുറച്ച് പേരെയെങ്കിലും തിരികെ കൊണ്ടുവരാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. പല ഘട്ടങ്ങളിലും വിഭാഗീയതയുടെ പേരിൽ പിണങ്ങിയകന്ന് കഴിഞ്ഞിരുന്ന മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ ഒപ്പം നിറുത്താൻ കഴിഞ്ഞതും കോടിയേരിയുടെ ഇടപെടൽ കൊണ്ടായിരുന്നു. സി.പി.എമ്മിലെ വലിയൊരു വിഭാഗം നേതാക്കൾക്ക് വി.എസിലേക്കു വഴി തുറന്നുവച്ചതും കോടിയേരിയായിരുന്നു. മകന്റെ പേരിൽ തനിക്ക് വ്യക്തിപരമായി നേരിട്ട പോറലും പരിക്കും പാർട്ടിയെ കളങ്കിതമാക്കരുതെന്ന നിർബന്ധമാണ് കോടിയേരിയെ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള പടിയിറക്കത്തിലേക്ക് നയിച്ചത്.