കണ്ണൂർ: ഡിവൈ.എസ്.പിയിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയിലേക്കെത്തിയതിന്റെ തിരക്കിലാണ് റിട്ട.ഡിവൈ.എസ്.പി പി.എസ്.സ്വർണ്ണമ്മ .2019മേയിൽ ഒൗദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ഇവർ വീട്ടു കാര്യങ്ങളുമൊക്കെയായി പോകുന്നതിനിടയിലാണ് ആപ്രതീക്ഷിതമായി കൊട്ടിയൂർ മൂന്നാം വാർഡ് ഒറ്റപ്ലാവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുന്നത്.
തിരുവന്തപുരം സംസ്ഥാന വനിതാ സെല്ലിൽ നിന്നും ഒൗദ്യോഗിക ജീവിതം അവസാനിപ്പിച്ചപ്പോഴും നാടിന് വേണ്ടി ഇനിയും എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് മനസിലുണ്ടായിരുന്നുവെന്ന് സ്വർണ്ണമ്മ പറയുന്നു. സർവ്വീസിലുണ്ടായപ്പോൾ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളിലൊക്കെ ഇടപെട്ട് പരിഹാരം കണ്ടിട്ടുണ്ട്.പൊതു പ്രവർത്തനത്തിലൂടെ ഇനിയും അത് സാധിക്കുമെന്ന തിരിച്ചറിഞ്ഞാണ് രാഷ്ട്രീയത്തിലെ രംഗപ്രവേശമെന്നും സ്വർണമ്മ പറയുന്നു
യു.ഡി.എഫ് അനുഭാവികളാണെങ്കിലും കുടുംബത്തിൽ സജീവ രാഷ്ട്രീയ പ്രവർത്തകരില്ല.എന്നാൽ കുടുംബാഗങ്ങളിൽ നിന്നും വലിയ പിന്തുണയുണ്ടെന്ന് ഇവർ പറയുന്നു.എൽ.ഡി.എഫിന്റെ ശക്തി കേന്ദ്രത്തിൽ മത്സരിക്കുമ്പോഴും നല്ല ആത്മവിശ്വാസമുണ്ടെന്ന് സ്വർണ്ണമ്മ പറഞ്ഞു.
കണ്ണൂർ വനിതാ സെല്ലിൽ 2012 മുതൽ 2015 വരെ എസ്.എെ ആയി സേവനമനുഷ്ട്ടിച്ചിട്ടുണ്ട്.വയനാട് പേര്യയിലെ കുട്ടപ്പന്റെയും രത്മയുടെയും മകളായ സ്വർണ്ണമ്മ കൊട്ടിയൂർ നീണ്ടുനോക്കിയിലാണ് ഇപ്പോൾ താമസം.ഭർത്താവ് വിപിൻ ചന്ദ്രനും എല്ലാ പിന്തുണയുമായി സ്ഥാനാർത്ഥിക്കൊപ്പമുണ്ട്. അമ്മ ജയിച്ചുകയറുമെന്നാണ് മക്കളായ കെ.വിഷ്ണുവും ഗ്രീഷ്മയും പറയുന്നത് .കരുത്തുറ്റ സ്ഥാനാർത്ഥിയെ കിട്ടിയപ്പോൾ വിജയം തിരിച്ച് പിടിക്കാൻ സാധിക്കുമെന്ന ശുഭ പ്രതീക്ഷ പ്രവർത്തകർക്കുമുണ്ട്.
പൊതുപ്രവർത്തനത്തിലൂടെ സാമൂഹ്യസേവനത്തിനും സാധിക്കും.അതു തന്നെയാണ് സ്ഥാനാർത്ഥിയായി നിൽക്കാൻ പ്രേരിപ്പിച്ചത് . ആളുകളുടെ നല്ല പിന്തുണയുള്ളതു കൊണ്ട് തന്നെ വിജയ പ്രതീക്ഷയിലാണ് .
റിട്ട.ഡിവൈ.എസ്.പി പി.എസ്.സ്വർണ്ണമ്മ,കൊട്ടിയൂർ ,ഒറ്റപ്ലാവ് യു.ഡി.എഫ് സ്ഥാനാർത്ഥി.