കാസർകോട്: തളങ്കരയിലെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന കേന്ദ്രത്തിൽ നിന്നും അനധികൃത കൊവിഡ് ടെസ്റ്റ് നടത്തിയെന്ന പരാതിയിൽ ലാബിനെതിരെയും ഡോക്ടർക്കെതിരെയും കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. പി.എച്ച്.ഡി ബിരുദമെടുത്ത മൊഗ്രാൽ സ്വദേശിയായ യുവാവ് വ്യാജമായാണ് ടെസ്റ്റ് നടത്തിയതെന്നും കണ്ടെത്തി. സംഭവം നേരത്തെ രഹസ്യാനേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം കാസർകോട് ജനറൽ ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീജേഷിന്റെ പരാതിയിലാണ് ലാബിനും ഡോക്ടർക്കുമെതിരെ കേസെടുത്തത്.
വിദേശങ്ങളിലേക്ക് പോകുന്നവർക്ക് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്ന ഏജൻസിയായാണ് ലാബ് പ്രവർത്തിച്ചു വന്നതെന്നും സർക്കാർ നിശ്ചയിച്ചതിന്റെ മൂന്നും നാലും ഇരട്ടി തുക ഈടാക്കിയാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്നും മെഡിക്കൽ ഓഫീസർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തി. ജനറൽ ആശുപത്രി ജെ.എച്ച്.ഐ മാരായ എ.വി ശ്രീജിത്ത്, സി.സി ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ലാബിന് നഗരസഭയുടെയോ ആരോഗ്യവകുപ്പിന്റെയോ അനുമതിയില്ലെന്നും ടെക്നീഷ്യന്മാർക്ക് യോഗ്യതാ സർട്ടിഫിക്കറ്റുമുണ്ടായിരുന്നില്ലെന്നും കംപ്യൂട്ടറും പ്രിന്ററും ഉപയോഗിച്ച് ആർ.ടി.പി.സി.ആർ പരിശോധനാ ഫലം പ്രിന്റെടുത്ത് നൽകുന്നതായും അധികൃതർ പറയുന്നു. ജില്ലയിലെ സ്വകാര്യ ലാബുകളിൽ ശേഖരിക്കുന്ന സ്രവം പുറത്തെ സ്വകാര്യ ലാബിലേക്ക് അയച്ചു ഫലം ലഭ്യമാക്കുന്ന രീതിയാണ് നടക്കുന്നത്. പരിശോധനക്ക് ഈടാക്കുന്ന തുകയ്ക്ക് രസീതും നൽകുന്നില്ല. ഒരു ദിവസം 50 തിലേറെ പേരുടെ സ്രവം അയക്കുന്നതായാണ് വിവരം. ഒരാളിൽ നിന്നും 3000 മുതൽ 5000 രൂപ വരെ ഈടാക്കുന്നതായും ആക്ഷേപമുണ്ട്. വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്നവർ കൂടുതലുള്ള പ്രദേശമാണ് തളങ്കര. ഇത് മുതലെടുത്താണ് ലാബ് അനധികൃതമായി പ്രവർത്തിച്ചു വന്നതെന്നും ഒരു ലാബിന് വേണ്ടുന്ന ഒരു സംവിധാനവും ഇവിടെ ഉണ്ടായിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. അന്തരിച്ച ഒരു ഡോക്ടറുടെ സ്വകാര്യ കെട്ടിടത്തിലാണ് സ്രവം എടുത്തിരുന്നത്. നേരത്തെ മഞ്ചേശ്വരം പൊലീസ് കെസെടുത്തിരുന്ന ഉപ്പളയിലെ ലാബിലേക്കാണ് ഇവർ പരിശോധനക്കായി അയച്ചിരുന്നത്.