കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ മത്സ്യമാർക്കറ്റ് അടച്ചിട്ടിട്ട് ഒമ്പത് മാസം. കൊവിഡ് സമൂഹവ്യാപനത്തെ തുടർന്നാണ് കഴിഞ്ഞ മാർച്ച് 24 ന് മാർക്കറ്റ് പൂർണ്ണമായും അടച്ചിട്ടത്. നിത്യവും നിരവധിപേർ മാർക്കറ്റിൽ മത്സ്യം വാങ്ങുന്നതിനും മറ്റുമായി എത്തിയിരുന്നു. ഇതിനു പുറമെ മത്സ്യവിൽപനക്കാരും കോഴിക്കച്ചവടക്കാരുമൊക്കെയാകുമ്പോൾ വലിയ ജനക്കൂട്ടം മാർക്കറ്റിൽ ഉണ്ടാകും. ഇത് മനസ്സിലാക്കിയാണ് മാർക്കറ്റ് അടച്ചിട്ടത്.
എന്നാൽ ഇത് തുറക്കുന്നതുസംബന്ധിച്ച് ആലോചനകളില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. മത്സ്യ വിൽപനക്കാരായ സ്ത്രീകൾ മാർക്കറ്റിനു മുന്നിലെ നിലത്തിരുന്നാണ് മത്സ്യം വിൽക്കുന്നത്. മാർക്കറ്റ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ഇറച്ചിക്കോഴി വിൽപനയും നടക്കുന്നുണ്ട്. മത്സ്യ വിൽപനക്കാർ സാമൂഹ്യഅകലത്തിലൊന്നുമല്ല ഇപ്പോൾ മത്സ്യം വിൽക്കാനിരിക്കുന്നത്.
മത്സ്യവിൽപനക്കാരുടെ പ്രയാസങ്ങൾ മനസ്സിലാക്കി നടപടി വേണമെന്നാണ് ആവശ്യം. അതേസമയം രോഗനിയന്ത്രണം ഉറപ്പാക്കി മാർക്കറ്റ് തുറക്കുന്നതാണ് നല്ലതെന്ന അഭിപ്രായവുമുണ്ട്. മാർക്കറ്റ് തുറക്കാൻ നടപടി സ്വീകരിക്കുമെന്ന് മുൻ ചെയർമാൻ വി.വി രമേശൻ പറഞ്ഞു.
മാർക്കറ്റ് അനിശ്ചിതമായി അടച്ചിട്ടത് മത്സ്യവിൽപനക്കാരോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്.
കെ. മുഹമ്മദ്കുഞ്ഞി, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി
വെയിലത്തിരുന്നുകൊണ്ടുള്ള മത്സ്യവിൽപന ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
കമലാക്ഷി, മത്സ്യവില്പനക്കാരി