തൃക്കരിപ്പൂർ: കാൽപന്തുകളിയെന്നാൽ ജീവിതം തന്നെയാണ് തൃക്കരിപ്പൂരിലെ ഗ്രാമങ്ങൾക്ക്. നിരവധി ഇന്ത്യൻ താരങ്ങളെയടക്കം സംഭാവന ചെയ്ത മണ്ണിലേക്ക് ഇക്കുറി പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുമ്പോൾ ചുവപ്പുകാർഡ് കാട്ടുകയാണ് തൃക്കരിപ്പൂരിലെ ഫുട്ബാൾ ഗ്രാമങ്ങളിലൊന്നായ ഉടുമ്പുന്തല.
മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമാണ് ഉടുമ്പുന്തല. പലതവണ വാഗ്ദാനം നൽകി. പാലിച്ചില്ല. കാലങ്ങളായുള്ള ആവശ്യത്തിന് മുന്നിൽ പുറംതിരിഞ്ഞു നിൽക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കളോട് തങ്ങളുടെ ഫുട് ബോൾ മൈതാനമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കിൽ ഈ തവണ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടു തരില്ലെന്നാണ് ഉടുമ്പുന്തലയിലെ ഫുട്ബാൾ താരങ്ങളുടെ കടുംവാക്ക്.
"വോട്ട് വേണോ ? ന്നാൽ ഞങ്ങൾക്കു കളി സ്ഥലം വേണം.." എന്ന മുദ്രാവാക്യവുമായുള്ള പ്രചാരണ ബോർഡുകൾ ഉടുമ്പുന്തലയിൽ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. കാലങ്ങളായി മുസ്ലീം ലീഗ് പ്രതിനിധിയെ വിജയിപ്പിക്കുന്ന പരമ്പര്യമുള്ള പ്രദേശത്തെ യുവാക്കളുടെ ഈ തീരുമാനം നേതൃത്വത്തെ കുഴക്കുകയാണ്. നാട്ടിന്റെ ഫുട്ബാൾ പാരമ്പര്യം അറിയുന്നവർക്കും കഴമ്പുള്ള ഈ ആവശ്യത്തെ തള്ളാനുമായിട്ടില്ല.
കളിസ്ഥലമില്ലാത്തതിന്റെ പേരിൽ ഇവിടുത്തെതാരങ്ങൾ ഇളമ്പച്ചി, ഒളവറ, മാടക്കാൽ പ്രദേശങ്ങളിൽ ചെന്നാണ് പരിശീലനം നടത്തുന്നത്.