കരിവെള്ളൂർ: കലാപരിപാടികളുടെ താളം നിലച്ചുപോയ മഹാമാരിക്കാലത്തും കരിവെള്ളൂർ മഹാശിവക്ഷേത്രത്തിൽ പതിവു തെറ്റിക്കാതെ ഈ വർഷവും കൂത്ത് അരങ്ങേറി. കലാമണ്ഡലം മാണി വാസുദേവ ചാക്യാരാണ് പ്രതിസന്ധികളെയെല്ലാം മറികടന്ന് കൂത്ത് അവതരിപ്പിക്കുന്നത്. അദ്ദേഹത്തോടൊപ്പം രാമചന്ദ്രൻനമ്പ്യാരും രാധാ നങ്ങ്യാരമ്മയുമുണ്ട്. മത്തവിലാസം കൂത്താണ് കരിവെള്ളൂരിൽ മുഖ്യമായും അവതരിപ്പിക്കുന്നത്.
സത്യ സോമനെന്ന ബ്രാഹ്മണൻ ബ്രഹ്മഹത്യാപാപം തീർക്കാൻ ശിവന്റെ നിർദ്ദേശാനുസരണം കപാലി വേഷത്തിൽ നൃത്തം ചെയ്യുന്നുവെന്നാണ് സങ്കല്പം. സത്യസോമന്റെ നൃത്തം കണ്ട് അനുഗ്രഹം തേടുന്നവർക്ക് അഭീഷ്ടകാര്യങ്ങൾ സാധിക്കുമെന്നാണ് വിശ്വാസം. സന്താനലബ്ധിക്കുള്ള പ്രാർത്ഥനാ സാഫല്യമായാണ് ഭൂരിഭാഗം മത്തവിലാസം കൂത്തുകളും കഴിപ്പിക്കുന്നത്. കപാലിയുടെ നൃത്തമാണ് മത്തവിലാസം കൂത്തിലെ പ്രത്യേകത. ആദ്യദിവസം പ്രധാനമായും പുറപ്പാട് എന്ന ഭാഗമാണ് അവതരിപ്പിക്കുന്നത്. കരിവെള്ളൂരിലെ മത്തവിലാസം കൂത്തിന് മറ്റു ചില സവിശേഷതകളും ഉണ്ട്. മൂഷിക വംശരാജാക്കന്മാരുടെ കാലത്തോളം അവിടത്തെ കൂത്തവതരണത്തിന് പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.
അക്കാലത്ത് ക്ഷേത്രത്തിന്ന് അല്പം അകലെയായി താമസിക്കുന്ന ഭുരിഭാഗo ആളുകളുടെയും മുഖ്യ ഉപജീവനമാർഗ്ഗം കള്ളു ചെത്തായിരുന്നത്രെ. അനുഗ്രഹം തേടാൻ വന്ന സത്യസോമൻ ശിവനെ കണ്ടത് മദ്യലഹരിയിൽ നാട്ടുകാരുടെ ഇടയിലായിരുന്നത്രെ. തന്റെ ഈ അവസ്ഥ കൂത്ത് രൂപത്തിൽ അവതരിപ്പിക്കാനായിരുന്നുവത്രെ ശിവൻ ആവശ്യപ്പട്ടത്. ആ സങ്കല്പത്തിൽ തന്നെയാണ് കരിവെള്ളൂരിൽ ഇപ്പോഴും അവതരിപ്പിക്കുന്നത്. "കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. ഒപ്പം മറ്റു നിരവധി പ്രതിസന്ധികളും തരണം ചെയ്യേണ്ടതായി വന്നു." - അദ്ദേഹം പറഞ്ഞു. ചാക്യാർകൂത്തിന് അടുത്ത കാലത്തുണ്ടായ ജനപ്രീതി നേടിക്കൊടുക്കുന്നതിൽ മറ്റു പ്രഗത്ഭമതികളോടൊപ്പം മുഖ്യപങ്കുവഹിച്ച കലാമണ്ഡലം മാണി വാസുദേവ ചാക്യാരുടെ ഷഷ്ടിപൂർത്തി ആഘോഷങ്ങൾ ഈ വർഷം അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ നേതൃത്വത്തിൽ നടക്കുകയാണ്. ഒക്ടോബർ 17 ന് തുടങ്ങിയ കൂത്ത് നാളെ സമാപിക്കും.