കൂത്തുപറമ്പ്: മാങ്ങാട്ടിടം ദേശബന്ധുവിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. ദേശബന്ധു ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപത്തെ മുല്ലോളി മനോജിന്റെ വീടിനാണ് തീ പിടിച്ചത്. കിടപ്പ് മുറിയിലുണ്ടായ തീപിടുത്തത്തിൽ അലമാര,കട്ടിൽ, കിടക്ക, കുട്ടികളുടെ പാഠപുസ്തകങ്ങൾ, തുണിത്തരങ്ങൾ എന്നിവയെല്ലാം പൂർണ്ണമായും കത്തിനശിച്ചു.

മനോജും ഭാര്യയും പുറത്ത് പോയ സമയത്തായിരുന്നു തീപിടുത്തം. മുറിയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട മകളാണ് സമീപവാസികളെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാർ തീയണച്ചെങ്കിലും എല്ലാം കത്തി ചാമ്പലായിരുന്നു. നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ തൊട്ടടുത്ത മുറിയിലെ സാധനങ്ങൾ എല്ലാം ഈ ബെഡ് റൂമിലായിരുന്നു ഉണ്ടായിരുന്നത്. അലമാരയിലുണ്ടായിരുന്ന മുഴുവൻ തുണിത്തരങ്ങളും കത്തിനശിച്ചു. രണ്ട് കട്ടിലിനും ടേബിളിനും തീപിടിച്ചു.

മേശക്ക് മുകളിൽ വച്ചിരുന്ന മനോജിന്റെ മകൾ ആറാം ക്ലാസിൽ പഠിക്കുന്ന സിയോണയുടെ പാഠപുസ്തകങ്ങളും പൂർണ്ണമായും നശിച്ചവയിൽ ഉൾപ്പെടുന്നു. നിലത്ത് പാകിയ ടൈൽസും തകർന്നിട്ടുണ്ട്. കുടുംബശ്രീ സെക്രട്ടറിയായ മനോജിന്റെ ഭാര്യ സീനയുടെ കുടുംബശ്രീ മിനുട്സ് ബുക്ക്, സാമ്പത്തിക രജിസ്ട്രാർ എന്നിവയും അഗ്നിക്കിരയായി. ഇസ്തിരിപ്പെട്ടിയിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു. മാങ്ങാട്ടിടം വില്ലേജ് ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്.