കണ്ണൂർ: പാർട്ടി രൂപീകരണം മുതൽ സെക്രട്ടറി സ്ഥാനത്ത് തുടർന്നിരുന്ന കണ്ണൂർ ആധിപത്യമാണ് കോടിയേരി സ്ഥാനമൊഴിഞ്ഞ് എ.വിജയരാഘവൻ സി..പി. എം സെക്രട്ടറി സ്ഥാനത്തേക്ക് വരുമ്പോൾ ഇല്ലാതാകുന്നത്. 1964 ന് ശേഷമുള്ള എട്ട് സംസ്ഥാന സെക്രട്ടറിമാരിൽ ആറു പേരും കണ്ണൂർ സ്വദേശികളായിരുന്നു.ഇ.എം.എസ്, വി.എസ്.അച്യുതാനന്ദൻ എന്നിവർ മാത്രമാണ് കണ്ണൂരിനു പുറത്തുനിന്ന് സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയവർ. വിജയരാഘവന്റെ ഊഴം വന്നതോടെ ഇതു കണ്ണൂരിന് പുറത്ത് നിന്നുള്ള മൂന്നാമത്തെ സെക്രട്ടറി ..
നാലു തവണ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനാണ് റെക്കാഡ്.1964 മുതൽ ഇതുവരെ 56 വർഷങ്ങൾക്കിടെ 37 വർഷവും കണ്ണൂർ ജില്ലക്കാരൻ തന്നെയായിരുന്നു പാർട്ടി സെക്രട്ടറി സ്ഥാനത്ത്. എ.കെ.ജി., സി.എച്ച്.കണാരൻ, ഇ.കെ.നായനാർ, ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരാണ് കണ്ണൂർ ജില്ലക്കാരായ സെക്രട്ടറിമാർ.
16 വർഷം പിണറായി വിജയനും എട്ടു വർഷം നായനാരും രണ്ടു ഘട്ടങ്ങളിലായി അഞ്ചുവർഷം സി.എച്ച്.കണാരനും രണ്ടുവർഷം ചടയൻ ഗോവിന്ദനും ഒന്നരവർഷം എ.കെ.ജി.യും പാർട്ടി സെക്രട്ടറിമാരായി. സി.പി.എമ്മിന്റെ ആദ്യ പാർട്ടി സെക്രട്ടറിയായ സി.എച്ച്. കണാരൻ 1964 ഒക്ടോബർ 18 മുതൽ 1968 ജനുവരി ഏഴുവരെയാണ് തുടർന്നത്. തലശ്ശേരി പുന്നോൽ സ്വദേശി.
1969 നവംബർ 13 മുതൽ 1971 ഡിസംബർ 12 വരെ ഇ.എം.എസ് സെക്രട്ടറിയായി. ഒരുവർഷം വീണ്ടും സി.എച്ച്. കണാരൻ. പിന്നീട് 1972 മുതൽ 1980 വരെ തുടർച്ചയായി എട്ടുവർഷം നായനാർ ആയിരുന്നു സെക്രട്ടറി. കണ്ണൂർ കല്യാശേരിയാണ് നായനാരുടെ സ്വദേശം. ശേഷം 11 വർഷം വി.എസ്.അച്യുതാനന്ദൻ സെക്രട്ടറിയായി. തുടർന്ന് നായനാർ ഒരിക്കൽക്കൂടി സെക്രട്ടറി. പിന്നീട് ചടയൻ ഗോവിന്ദനും പിണറായിയും വന്നു. ചടയൻ കണ്ണൂർ കമ്പിൽ സ്വദേശിയാണ്.