ഇരിട്ടി : മേലെ സ്റ്റാന്റിലെ പഴക്കം ചെന്ന ഇരുനില കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. ഈ സമയത്ത് മുകൾ നിലയിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഇരിട്ടി ജുമാമസ്ജിദിന് സമീപത്തെ പഴയ ഫാഷൻ ഹോട്ടൽ ബിൽഡിംഗിന്റെ ഓടുമേഞ്ഞ മേൽപ്പുരയുടെ ഒരു ഭാഗമാണ് വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ ഉണ്ടായ ശക്തമായ മഴയിൽ തകർന്നു വീണത്.
മുകളിൽ ഒരു ജ്യോതിഷാലയം അടക്കം ചില സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. എഴുപതു വർഷത്തോളം പഴക്കമുള്ളതാണ് കെട്ടിടം. ഇതിന് പിറകിൽ നിർമ്മാണം പൂർത്തിയായിവരുന്ന കൂറ്റൻ കെട്ടിടത്തിനായി റോഡ് നിർമ്മിച്ചത് ഈ കെട്ടിടം രണ്ടായി പകുത്ത് അതിനു മദ്ധ്യത്തിലൂടെയാണ്. മുകളിലത്തെ നിലയിൽ സ്ഥാപനങ്ങൾ കുറവാണെങ്കിലും ഇതിന്റെ അടിയിലെ നിലകളിൽ നിരവധി കച്ചവട സ്ഥാപങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇരിട്ടി എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പൊലീസും ഇരിട്ടി അഗ്നിരക്ഷാ നിലയം അധികൃതരും സ്ഥലത്തെത്തി. വ്യാപാര സ്ഥാപനങ്ങൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.