കൂത്തുപറമ്പ്: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് കുനിയിൽ പാലത്ത് നിർമ്മിച്ച വീടിന്റെ പൂർത്തീകരണത്തിന് സഹായഹസ്തവുമായി പൊലീസും സന്നദ്ധ പ്രവർത്തരും. കെ.പി. സുമതിയുടെ കുടുംബത്തിന്റെ വീട് നിർമാണം പൂർത്തീകരിച്ചാണ് ജനമൈത്രീ പൊലീസ് മാതൃകയായത്.
നഗരസഭയുടെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സുമതിക്ക് വീട് അനുവദിച്ചിരുന്നു.എന്നാൽ വീടിന്റെ കോൺക്രീറ്റ് പണികൾ നടന്നതല്ലാതെ മറ്റ് പണികളൊന്നും നടന്നിരുന്നില്ല. കൂത്തുപറമ്പ് യു .പി സ്കൂൾ ബസിൽ സഹായിയായിപ്പോകുന്ന യുവതിക്ക് തുച്ഛമായ വരുമാനം മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ കൊവിഡ് കാരണം അതും മുടങ്ങി.
വീട്ടിൽ താത്ക്കാലികമായി താമസം തുടങ്ങിയെങ്കിലും നിർമ്മാണ പ്രവർത്തികൾ അനന്തമായി നീണ്ടുപോവുകയായിരുന്നു. ഭർത്താവ് മരിച്ചതോടെ വിദ്യാർത്ഥിയായ ഏക മകളും സുമതിയുമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ ശ്രീ നാരായണ കലാസാംസ്ക്കാരിക പ്രവർത്തകരാണ് കൂത്തുപറമ്പ് പൊലീസിനെ വിവരം അറിയിച്ചത് .തുടർന്ന് പൊലീസിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ വീടിന്റെ വൈദ്യുതീകരണം, പ്ലാസ്റ്ററിംഗ് വർക്കുകൾ എന്നിവ നടത്തി. നിലത്ത് ടൈൽ പാകി. ചുമർ പെയിന്റടിച്ച് മനോഹരമാക്കി. ആവശ്യമായ ജനവാതിലുകളും ഒരുക്കി. ഏകദേശം രണ്ടര ലക്ഷത്തോളം രൂപ ചിലവിലാണ് അവശേഷിച്ച പണികൾ പൂർത്തിയാക്കിയത്. സ്നേഹനിലയം എന്ന പേരിലുള്ള വീടിന്റെ ഗൃഹപ്രവേശം ഇന്നലെ നടന്നു.
കൂത്തുപറമ്പ് സി.ഐ ബിനു മോഹൻ, എസ്.ഐമാരായ പി. ബിജു, സന്ദീപ്, എ.എസ് ഐ. അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ. കെ.സുധി തുടങ്ങിയവർ സന്നിഹിതരായിരുന്നു.