ചെറുപുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിട്ടും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാനാകാതെ യു.ഡി.എഫ്. ചെറുപുഴ പഞ്ചായത്തിലേക്കുള്ള വാർഡുകളിൽ സ്ഥാനാർഥികളെ കുറിച്ച് വ്യക്തതയില്ലാത്തത് പ്രചാരണത്തിനും വേഗം കുറച്ചു. പഞ്ചായത്തിലെ 19 വാർഡുകളിൽ 16 വാർഡുകളിൽ മത്സരിക്കുന്ന കോൺഗ്രസിൽ 1, 19 എന്നീ വാർഡുകളിലും പാടിയോട്ടുചാൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും സ്ഥാനാർഥി നിർണയമായില്ല.
വനിതാ സംവരണമായ പത്തൊമ്പതാം വാർഡിൽ രേഷ്മ വി. രാജു, റഹീമ മഹിതാലക്ഷ്മി എന്നിവരുടെ പേരുകൾ പരിഗണിക്കുന്നുണ്ട്. പതിനെട്ടാം വാർഡിൽ അങ്കണവാടി വർക്കർ ലൈസമ്മയുടെ പേരാണ് പരിഗണനയിലുള്ളത്. രണ്ടാം വാർഡിൽ കെ.കെ. സുരേഷ് കുമാറിന് പുറമേ അനിൽകുമാർ, രജീഷ് പാലങ്ങാടൻ, ലളിതാ ബാബു എന്നിവരുടെ പേരുകളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം ജനറൽ വാർഡിൽ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കേണ്ടെന്ന് പാർട്ടിയിൽ അഭിപ്രായം ഉയർന്നു. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ പാടിയോട്ടുചാൽ ബ്ലോക്ക് വാർഡിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എം. കരുണാകരൻ, യൂത്ത് കോൺഗ്രസ് നേതാവ് വി.ജെ ഷിജോ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സി.പി. രാമചന്ദ്രൻ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
നിലവിൽ പ്രാപ്പൊയിൽ ഡിവിഷനിൽ മേഴ്സി ജയിംസ് മേക്കലാത്തിന്റെ പേരാണ് നിർദ്ദേശിച്ചിട്ടുള്ളത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പുളിങ്ങോം ഡിവിഷനിൽ മത്സരിക്കും. മുസ്ലിം ലീഗിന് നൽകിയ പുളിങ്ങോം വാർഡിൽ മഹമ്മൂദ് ഹാജി മത്സരിക്കും. ലീഗിന് വിട്ട് നൽകിയ എയ്യൻ കല്ലിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി നിഷാബാലകൃഷ്ണനാവും മത്സരിക്കുക.