മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 83 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. വ്യാഴാഴ്ച രാത്രി ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് വളയം സ്വദേശി ഇസ്മായിലി(40) ൽ നിന്ന് 1466 ഗ്രാം സ്വർണം പിടിച്ചു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം കവറിലാക്കി ഇയാൾ ധരിച്ച ബനിയന് പിന്നിൽ തുന്നിപ്പിടിപ്പിച്ച നിലയിലായിരുന്നു. ഇതിന് 76,96,500 രൂപ വരും. ഇതേ വിമാനത്തിലെത്തിയ കർണാടക ഭട്കൽ സ്വദേശി റയ്യാൻ ഹസ്സനി (27)ൽ നിന്ന് 6,09,000 രൂപയുടെ സ്വർണവും പിടിച്ചെടുത്തു. ബിസ്ക്കറ്റ് രൂപത്തിലുള്ള സ്വർണം ഇടതു കാലിനടിയിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, പി.സി.ചാക്കോ, നന്ദകുമാർ, ഇൻസ്പെക്ടർമാരായ ഹബീബ്, ജോയ് സെബാസ്റ്റ്യൻ, ദിലീപ് കൗശൽ, ഹവിൽദാർ രാജൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.