k-b-ganeshkumar

കാസർകോട്: നടിയെ ആക്രമിച്ച കേസിൽ മൊഴിമാറ്റാൻ മാപ്പുസാക്ഷിയായ യുവാവിനെ ഭീഷണിപ്പെടുത്തിയതിന്

കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ സെക്രട്ടറി കെ. വി. പ്രദീപ് കുമാറിനെ ബേക്കൽ പൊലീസ് ചോദ്യം ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രദീപ്കുമാറിന് നോട്ടീസ് നൽകുന്നതിന് ബേക്കലിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ പത്തനാപുരത്ത് എത്തി.

അതേസമയം കാഞ്ഞങ്ങാടെത്തി മാപ്പുസാക്ഷിയായ വിപിൻലാലിനെ വിളിച്ച ശേഷം പ്രദീപ്കുമാർ സ്വന്തം ഫോണിൽ നിന്ന് വിളിച്ച രണ്ട് പ്രമുഖരെ കണ്ടെത്തേണ്ടതുണ്ട്. പ്രമുഖർ സിനിമാരംഗത്തുള്ളവർ ആണോ രാഷ്ട്രീയ രംഗത്തുള്ളവർ ആണോയെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യം തങ്ങളുടെ അന്വേഷണ പരിധിയിൽ വരുന്നതല്ലെന്നും ഇതുസംബന്ധിച്ചുള്ള അന്വേഷണം കൊച്ചി കേന്ദ്രീകരിച്ചാണെന്നുമാണ് ബേക്കൽ പൊലീസ് പറയുന്നത്.

വിപിൻലാലിനെയും പ്രമുഖരെയും വിളിക്കുന്നതിന് ഉപയോഗിച്ച സിംകാർഡ് നശിപ്പിച്ചോ എന്നറിയാൻ പ്രദീപ് കുമാറിനെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പൊലീസ്. മൂന്ന് തവണയായി വിപിൻ ലാലിന് അയച്ച ഭീഷണി കത്തുകൾ പ്രദീപ് തന്നെ എഴുതിയതാണോ എന്ന് അറിയാൻ കൈപ്പടയും പരിശോധിക്കണം. മൊഴി മാറ്റാൻ ഭീഷണി മുഴക്കിയത് ആരുടെ പ്രേരണയാലാണെന്നും കണ്ടെത്തേണ്ടതുണ്ട്. പ്രദീപ് കുമാറിനെ പ്രതി ചേർത്തുകൊണ്ട് ബേക്കൽ പൊലീസ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഉന്നത ബന്ധങ്ങൾ വ്യക്തമാക്കിയിരുന്നു. കൂടുതൽ അന്വേഷണം വേണമെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.