ആറളം:ആറളം ഫാം പുനരധിവാസ മേഖലയിലടക്കം കരനെൽ കൃഷിയിൽനിന്നും വിളവെടുത്ത നെല്ല്‌ ആറളം ബ്രാൻഡ്‌ റൈസ് എന്ന പേരിൽ വിപണിയിൽ. സുഭിക്ഷ കേരളം പദ്ധതിയിൽ 330 ഏക്കറിലാണ് ഈ വർഷം ആറളം പഞ്ചായത്തിൽ കരനെൽ കൃഷി നടത്തിയത്. പ്രതികൂല കാലാവസ്ഥയിലും 300 ടണ്ണിലധികം നെല്ല് കിട്ടി. വിത യന്ത്രമുപയോഗിച്ച് വിത്തിട്ടതും കംമ്പൈൻ ഹാർവെസ്റ്റർ ഉപയോഗിച്ച് കൊയ്ത്ത് നടത്തിയതും നേട്ടമായി.

ഉമ, വൈശാഖ് വിത്തിനങ്ങളാണ് വിതച്ചത്. ആറളം ആദിവാസി പുനരധിവാസ മേഖലയിൽ മാത്രം 120 ഏക്കറിൽ കരനെൽ കൃഷി നടത്തി. ആറളം കാർഷിക കർമസേനയാണ് അരി വിപണിയിലിറക്കിയത്. കിലോവിന് 25 രൂപ നിരക്കിൽ നെല്ല് സംഭരിച്ച് പുൽപ്പള്ളിയിലെത്തിച്ച് അരിയാക്കി പായ്ക്ക് ചെയ്താണ് വിപണനം. 60 രൂപയാണ് ഒരു കിലോ അരിക്ക് വില. 70 ശതമാനം തവിട് നിലനിർത്തിയാണ് അരി സംസ്കരിച്ചത്. അരി ആവശ്യമുള്ളവർക്ക് കാർഷിക കർമസേന സൂപ്പർവൈസറെ ബന്ധപ്പെടാം.

ഉരുപ്പുംകുണ്ടിൽ ആദ്യ വിൽപ്പന ആത്മ പ്രോജക്ട് ഡയറക്ടർ രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.ഐ. കെ. സുധീർ ഏറ്റുവാങ്ങി. കൃഷി അസി. ഡയറക്ടർ ആർ സോണിയ, ആത്മ വെറ്ററിനറി അസി. ഡയറക്ടർ വർക്കി ജോർജ്, കൃഷി അസിസ്റ്റന്റ്‌‌ സി കെ സുമേഷ്, കർമസേന സൂപ്പർവൈസർ ടോമി കുടകശ്ശേരി എന്നിവർ സംസാരിച്ചു.. കൊറിയർ വഴിയും അരി എത്തിക്കും.ഫോൺ: 9495620103