bjp

കണ്ണൂർ: വിഭാഗീയത രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനനേതാക്കളെ പാഠം പഠിപ്പിക്കാൻ കേന്ദ്ര നേതൃത്വം ഒരുങ്ങുന്നു. തമിഴ്നാട്ടിലെയും കർണാടകയിലെയും നേതാക്കൾക്ക് കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതല നൽകിയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ. ശോഭാ സുരേന്ദ്രനെ പോലുള്ള മുതിർന്ന നേതാക്കളെ ഒതുക്കാൻ സംസ്ഥാന നേതൃത്വം നടത്തിയ നീക്കങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തിയ കേന്ദ്ര നേതൃത്വം രണ്ടും കൽപ്പിച്ചാണ് പുതിയ തന്ത്രങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

കേരളത്തിന്റെ സംഘടനാ ചുമതല നൽകി കേന്ദ്രനേതൃത്വം നിയമിച്ചത് തമിഴ്നാട്ടിലെ മുതിർന്ന നേതാവായ സി.പി.രാധാകൃഷ്ണനെയാണ്.പുതുതായി ചുമതലയേറ്റ സി.പി.രാധാകൃഷ്ണൻ സംസ്ഥാനത്തെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഒരുങ്ങുന്നത്.സഹപ്രഭാരിയായി കർണ്ണാടകയിലെ എംഎൽഎ എം. സുനിൽകുമാറിനെയും നിയമിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരനെ ആന്ധ്രപ്രദേശിന്റെ ചുമതലയാണ് നൽകിയത്.

അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപിന്റെ ചുമതലയും നൽകി. അതേസമയം നേരത്തെ തെലുങ്കാനയുടെ ചുമതലയുണ്ടായിരുന്ന പി.കെ.കൃഷ്ണദാസിന് ഇത്തവണ എവിടേയും ചുമതല നൽകിയിട്ടില്ല.

ചുമതല നൽകാത്തതിന് പിന്നിൽ സംസ്ഥാനത്തെ ഉൾപാർട്ടി തർക്കം വിഷയമായി മാറിയിട്ടുണ്ടോയെന്ന ചർച്ചയും ബി.ജെ.പി പ്രവർത്തകർക്കിടയിലുണ്ട്.

ബഹിഷ്കരണവും ശ്രദ്ധയിൽ

അതേസമയം ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് യോഗം മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ, സി.കെ.പത്മനാഭൻ, ശോഭാസുരേന്ദ്രൻ, എൻ.എൻ.രാധാകൃഷ്ണൻ എന്നിവർ ബഹിഷ്‌കരിച്ചതും കേന്ദ്രനേതൃത്വം അറിഞ്ഞിട്ടുണ്ട്.സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രൻ, പി. എം വേലായുധൻ, കെ .പി ശ്രീശൻ എന്നിവർ പരസ്യവിമർശനവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.സംസ്ഥാനത്തെ സംഘടനാ പ്രശ്നം കേരളത്തിലെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒ ..രാജഗോപാൽ, കുമ്മനം രാജശേഖരൻ എന്നിവർ കേന്ദ്രനേതൃത്വത്തിന് കത്ത് അയച്ചിരുന്നു. സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കളുടെയും ജില്ല കമ്മിറ്റികളുടെയും അഭിപ്രായം മാനിക്കാതെ വി. മുരളീധരൻ ഡൽഹിയിൽ സ്വാധീനിച്ചാണ് സുരേന്ദ്രനെ പ്രസിഡന്റാക്കിയതെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾക്കുള്ളത്.
വി. മുരളീധരനും കെ. സുരേന്ദ്രനും ആർ.എസ്.എസിന്റേയും കേന്ദ്ര നേതാക്കളുടേയും സഹായം ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ ഗ്രൂപ്പ് പോരിൽ തപ്പിത്തടയുന്ന നേതൃത്വത്തിന് ഷോക്ക് നൽകാൻ ആർ. എസ്. എസും രംഗത്തെത്തിയിട്ടുണ്ട്. പലയിടത്തും സ്ഥാനാർഥികളെ പ്രറഖ്യാപിക്കാൻ പോലും നേതൃത്വത്തിന് കഴിയാത്തതും ആർ. എസ്. എസ് ഗൗരവത്തോടെയാണ് കാണുന്നത്.