കാസർകോട് : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നിലവിലുള്ള സീറ്റുകളെല്ലാം പിടിച്ചടക്കിയ കോൺഗ്രസ് നേതൃത്വത്തിന്റെ 'വല്യേട്ടൻ' മനോഭാവത്തിൽ പ്രതിഷേധിച്ച് കാസർകോട്ട് യു.ഡി.എഫ് വിടാൻ കേരളകോൺഗ്രസ് ജോസഫ് വിഭാഗം. ഒറ്റക്കു മത്സരിക്കാനാണ് അവരുടെ നീക്കം.
പാർട്ടി ചെയർമാൻ പി ജെ ജോസഫുമായി ഇന്നലെ രാവിലെ കൂടിയാലോചന നടത്തിയതിന് ശേഷമാണ് ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് അപമാനം സഹിച്ചു കൂടെ നിൽക്കേണ്ടെന്നും തനിച്ച് മത്സരിച്ചു ശക്തി കാണിക്കണമെന്നുമായിരുന്നു പി .ജെയുടെ നിർദ്ദേശമെന്ന് നേതാക്കൾ പറഞ്ഞു. മുന്നണിയിലെ സീറ്റ് ചർച്ചയിൽ അർഹമായ പ്രാതിനിധ്യം നൽകാൻ തയ്യാറാകാതെ നിലവിലുള്ള ജയിച്ച സീറ്റുകൾ ഉൾപ്പെടെ പിടിച്ചെടുക്കുന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വം കാണിച്ചതെന്ന് ജോസഫ് വിഭാഗം നേതാക്കൾ ആരോപിക്കുന്നു. പ്രവർത്തകരുടെ വികാരം മാനിച്ചാണ് മുന്നണി വിടാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും ഇവർ പറഞ്ഞു.സംസ്ഥാന സമിതി അംഗം ജോർജ് പൈനാപ്പിള്ളി, ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്, ജില്ലാ സെക്രട്ടറി ജെയിംസ് മാരൂർ, ജനറൽ സെക്രട്ടറിമാരായ സിജി കട്ടക്കയം, സിബി മേക്കുന്നേൽ, ടോമി കുമ്പാട്ട് എന്നിവർ അടിയന്തിര യോഗം ചേർന്നാണ് കടുത്ത നിലപാട് കൈക്കൊണ്ടത്.
മലയോരത്ത് സ്വന്തം സ്ഥാനാർത്ഥികൾ
പാർട്ടിക്ക് സ്വാധീനമുള്ള ജില്ലയിലെ മലയോര മേഖലയിലെ ഏഴോളം പഞ്ചായത്തുകൾ, ചിറ്റാരിക്കൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തും. ചിറ്റാരിക്കൽ ഡിവിഷനിൽ ജില്ലാ സെക്രട്ടറി ജെയിംസ് മാരൂർ മത്സരിക്കും. കോടോം-ബേളൂർ, പനത്തടി, ബളാൽ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂർ-കരിന്തളം, മഞ്ചേശ്വരം, വോർക്കാടി തുടങ്ങിയ പഞ്ചായത്തുകളിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്വന്തം സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി തുടങ്ങിയ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും ജയിച്ച സീറ്റ് വിട്ടു തരാതെ അവഗണിച്ചു എന്നാണ് നേതാക്കൾ പറയുന്നത്.