foul-play

തളിപ്പറമ്പ്: ഘടകകക്ഷി നിരന്തരം തോൽക്കുന്നതിന്റെ പേരിൽ കോൺഗ്രസ് ഏറ്റെടുത്ത് രംഗത്തിറക്കിയ സ്ഥാനാർത്ഥിയ്ക്ക് ആദ്യം തന്നെ ലഭിച്ചത് വധഭീഷണി. തളിപ്പറമ്പ് നഗരസഭയിലെ 28ാം വാർഡ് തുള്ളന്നൂരിലെ സ്ഥാനാർത്ഥിയും തളിപ്പറമ്പ് അർബൻ ബാങ്ക് ജീവനക്കാരനുമായ മാവില പത്മനാഭനെ തേടിയാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺസന്ദേശമെത്തിയത്.

ബാങ്കിൽ ജോലിക്കിടയിലാണ് ഇന്റർനെറ്റ് ഫോൺവഴി നാല് തവണ ഭീഷണി മുഴക്കിയതെന്ന് പത്മനാഭൻ തളിപ്പറമ്പ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ കൊല്ലുമെന്നാണ് ഭീഷണി.ഭീഷണിയോടൊപ്പംകടുത്ത അശ്ളീലപ്രയോഗം നടത്തിയതായും സ്ഥാനാർത്ഥിയുടെ പരാതിയിൽ പറയുന്നു.

തുള്ളന്നൂർ വാർഡിൽ യു.ഡ‌ി.എഫ് തുടർച്ചയായി തോൽക്കുന്നത് പരിഗണിച്ചാണ് കോൺഗ്രസ് ഇത്തവണ ഈ വാർഡ് ഏറ്റെടുത്തത്. മികച്ച രീതിയിൽ പ്രചാരണം നടത്തുന്നതിനിടെയാണ് വധഭീഷണിയെത്തിയതെന്നും പത്മനാഭൻ പറഞ്ഞു.