ഗതാഗത വകുപ്പ് സെക്രട്ടറി ഉത്തരവിട്ടു
കാസർകോട്: കൊവിഡിനെ തുടർന്ന് നിർത്തിവെച്ച കർണാടകയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസ് അടുത്ത ആഴ്ചയിൽ പുന:രാരംഭിക്കും. കർണാടക.ആർ.ടി.സി. ബസുകളുടെ സർവ്വീസ് പുനരാരംഭിക്കുമെന്നാണ് വിവരം. നിർത്തിവെച്ച സർവ്വീസുകൾ പുനരാരംഭിക്കാൻ ഇന്നലെയാണ് ട്രാൻസ്‌പോർട്ട് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിട്ടത്. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഈ ആവശ്യം ഉന്നയിച്ച് ട്രാൻസ്‌പോർട്ട് സെക്രട്ടറിയെ ബന്ധപ്പെട്ടിരുന്നു.
തിങ്കളാഴ്ച കർണാടക ട്രാൻസ്‌പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സർവ്വീസ് സമയത്തിന്റെ കാര്യത്തിൽ തീരുമാനം എടുത്ത ശേഷമായിരിക്കും സർവ്വീസ് പുനരാരംഭിക്കും. മിക്കവാറും ചൊവ്വാഴ്ച തന്നെ ആരംഭിക്കുമെന്നാണ് അറിയിപ്പെങ്കിലും ക്രമീകരണം വേണ്ടിവന്നാൽ ഒരുദിവസം കൂടി വൈകും. ഇപ്പോൾ തലപ്പാടി വരെ മാത്രമെ കെ.എസ്.ആർ.ടി.സി ബസുകൾ ഓടുന്നുള്ളൂ. മംഗളുരുവിലേക്കുള്ള ബസ് സർവ്വീസ് നിലച്ചതുമൂലം മെഡിക്കൽ കോളേജിലേക്കും ആശുപത്രിയിലേക്കും പോകേണ്ട രോഗികളും വിദ്യാഭ്യാസ ആവശ്യത്തിന് പോകുന്നവരുമടക്കം കടുത്ത പ്രയാസത്തിലാണ്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് കോർ കമ്മിറ്റിയിൽ ഈ വിഷയം ചർച്ചയ്ക്ക് വന്നിരുന്നു. സെക്രട്ടറി തലത്തിൽ ഉന്നയിച്ച് എത്രയും പെട്ടെന്ന് സർവ്വീസ് പുനരാരംഭിക്കുന്നതിന് ശ്രമമുണ്ടാവണമെന്ന് കോർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടിരുന്നു.