കണ്ണൂർ: സഹപാഠികളായിരുന്നവർ ഒരേ പ്രസ്ഥാനത്തിനു വേണ്ടി ഒരേ പ്രദേശത്തു നിന്ന് മത്സരിക്കുന്ന കാഴ്ച കൂടെയുണ്ട് ഈ തിരഞ്ഞെടുപ്പിൽ. സഖാക്കൾ സ്നേഹാദരവോടെ പി.പി.ഡിയെന്ന് വിളിക്കുന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയും പി.പി.സിയെന്ന പി.പി.ഷാജിറും കെ.സിജുവുമാണ് ഈ സ്ഥാനാർത്ഥികൾ. കല്യാശേരി ഡിവിഷനിൽ നിന്ന് ദിവ്യ കണ്ണൂർ ജില്ലാപഞ്ചായത്തിലേക്കും ഷാജിർ കല്യാശേരി ബ്ലോക്ക് പഞ്ചായത്തിലേക്കും സിജു കല്യാശേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലേക്കുമാണ് ഇടതുപക്ഷ സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്.
ഇരിണാവ് പി. കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി സ്കൂളിൽ അഞ്ചു മുതൽ ഏഴു വരെ ഒരുമിച്ചുപഠിച്ചവരാണ് മൂവരും .പ്രചരണം കൂടുതൽ സമൂഹ്യമാദ്ധ്യമങ്ങളിലൂടെയാണെങ്കിലും ഒരു പോലെ തിരക്കിലായ മൂന്നു സ്ഥാനാർത്ഥികളും കഴിയുന്നിടത്തൊക്കെ വോട്ട് ആഭ്യർത്ഥിച്ച് പോകുന്നതും ഒരുമിച്ചു തന്നെ. ഗുരുനാഥൻ ചന്ദ്രശേഖരനെയും ഒപ്പം കല്യാശേരിയിലെ വിവിധ വീടുകളും കഴിഞ്ഞദിവസം ദിവ്യയും ഷാജിറും സന്ദർശിച്ചിരുന്നു.
ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെയും പ്രശസ്ത നാടകാചാര്യൻ കെ.എം.ആറിനെയും സന്ദർശിച്ചായിരുന്നു ദിവ്യയുടെ തുടക്കം. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു വരൂവെന്ന പുഷ്പന്റെ വാക്കുകൾ ആവേശം പകരുകയായിരുന്നുവെന്ന് ദിവ്യ പറഞ്ഞു. പാപ്പിനിശ്ശേരിയിലെ വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികളെയും പഴയകാല പാർട്ടി പ്രവർത്തകരെയും നേരിൽ കണ്ടു.
ജില്ലാപഞ്ചായത്തിൽ ഇടതുപക്ഷം തന്നെ തുടരണമെന്നാണ് തൊഴിലാളികൾക്ക് ഒന്നടങ്കമുള്ള ആഗ്രഹം. മികച്ചനേട്ടങ്ങൾ കൈവരിച്ച് ജില്ലാ പഞ്ചായത്തിന്റെ പടിയിറങ്ങിയ ആത്മവിശ്വാസവും ദിവ്യയ്ക്കുണ്ട്. കൈവരിച്ച നേട്ടങ്ങൾ വോട്ട് രൂപത്തിൽ തിരിച്ചുലഭിക്കുമെന്ന പ്രതീക്ഷ ദിവ്യയും പങ്കുവയ്ക്കുന്നു.ഡി.വൈ.എഫ്.എെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ദിവ്യയിൽ പാർട്ടിക്കും പ്രതീക്ഷയേറെയാണ്.
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ പി.പി. ഷാജിറും വീടുകൾ കയറിയും വിവിധ സ്ഥാപനങ്ങൾ കയറിയുമുള്ള പ്രചരണ തിരക്കിലാണ്. അഞ്ചാംപീടിക ഖാദിബോർഡിലെ തൊഴിലാളികളെയും കല്യാശേരിയിലെ വോട്ടർമാരെയും ആദ്യകാല നേതാക്കളെയും നേരിൽ കണ്ട് ഇതിനോടകം വോട്ട് ഉറപ്പുവരുത്തിയിട്ടുണ്ട് ഷാജിർ. ജനകീയനായ യുവ നേതാവെന്ന നിലയിൽ ഷാജിറിലും വലിയ പ്രതീക്ഷ പാർട്ടിക്കുണ്ട്. കല്യാശേരിയുടെ പൊതു സാംസ്കാരിക രംഗത്ത് സജീവമായ ഡി.വൈ.എഫ്.എെ പാപ്പിനിശ്ശേരി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.സിജുവും പ്രചരണം ശക്തിപ്പെടുത്തുകയാണ്. രക്തസാക്ഷികളായ റിജിത്തിന്റെയും മനോജിന്റെയും രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയായിരുന്നു പ്രചരണം തുടങ്ങിയത്.