പഴയങ്ങാടി: ഏഴോം നെരുവമ്പ്രം പ്രവർത്തിക്കുന്ന ശ്രീ മുത്തപ്പൻ സൂപ്പർ മാർക്കറ്റിലും എസ്.എം ട്രേഡിംഗ് മൊത്ത വിതരണ കേന്ദ്രത്തിലുമുണ്ടായ വൻ തീപ്പിടുത്തത്തിൽ 1.20 കോടിയുടെ നഷ്ടം. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട വാഹനയാത്രക്കാർ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.
പയ്യന്നൂർ, കണ്ണൂർ, തളിപ്പറമ്പ് തുടങ്ങിയയിടങ്ങളിൽ നിന്ന് അഗ്നിശമനസേന ഏഴ് വാഹനങ്ങളിലെത്തിയ സംഘവും പഴയങ്ങാടി പൊലീസും നാട്ടുകാരും ചേർന്ന് അഞ്ച് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. കടയിൽ ഉണ്ടായിരുന്ന സാധനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. ഏഴോം സ്വദേശിയായ ഐ.വി. രാജീവന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പർ മാർക്കറ്റ്.
കാരണം ഷോർട്ട് സർക്യൂട്ട്
വൈദ്യുതി ലൈനിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.പി. ഗോഗുൽദാസ് ,സീനിയർ ഫയർ ആൻഡ് സ്ക്യൂരിറ്റി ഓഫീസർമാരായ പി. വിജയൻ, പി. സജീവൻ, ഇ.ടി. സന്തോഷ്, പി. വിശാൽ, എസ്. ഷിബിൻ, കെ.എച്ച് ജിജേഷ് രാജഗോപാൽ, പി.വി. ദയാൽ, സി. അഭിനേഷ്, പി.വി. ലതീഷ്, കെ.വി. രാജീവൻ, കെ മധുസൂദനൻ എന്നിവർക്കൊപ്പം പയ്യന്നൂർ സ്റ്റേഷൻ ഓഫീസർ പി.വി പവിത്രൻ അഗ്നിശമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.