തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വയൽക്കിളികളുടെ സ്ഥാനാർത്ഥിയായി സമരനായകൻ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ പി. ലത മത്സരിക്കും. കീഴാറ്റൂർ വയലിൽ നടന്ന ചടങ്ങിൽ പി. ബാലക്യഷ്ണൻ നമ്പ്യാരാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. സി. മനോഹരൻ അധ്യക്ഷത വഹിച്ചു. സുരേഷ് കീഴാറ്റൂർ ആമുഖ പ്രസംഗം നടത്തി. സ്ത്രീകൾ ഉൾപ്പെടെ ഇരുപതിലേറെ വയൽകിളി പ്രവർത്തകർ പങ്കെടുത്തു.
തളിപ്പറമ്പ് നഗരസഭയിലെ മുപ്പതാം വാർഡായ കീഴാറ്റൂരിൽ മൽസരിക്കുന്ന വയൽക്കിളി സ്ഥാനാർത്ഥിക്ക് യു ഡി എഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പിയും ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. അറുന്നൂറോളം വോട്ടർമാരുള്ള വാർഡ് സി. പി.എമ്മിന്റെ കൈയിലാണിപ്പോൾ. അഖിലേന്ത്യാ തലത്തിൽ ശ്രദ്ധേയമായ പരിസ്ഥിതി വയൽ സംരക്ഷണ സമരം നടന്ന കീഴാറ്റൂരിലെ പോരാട്ടം സി.പി.എമ്മിന് ഏറെ നിർണായകമാണ്. വയൽക്കിളി സമരനായകൻ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യയെന്ന നിലയിൽ പൊതുപ്രവർത്തന രംഗത്തെ നിശ്ശബ്ദ സാന്നിധ്യമാണ് കീഴാറ്റൂരിൽ ജനവിധി തേടുന്ന പി. ലത.
'വയൽക്കിളി ' സമരത്തിന്റെ പേരിൽ അറസ്റ്റു ചെയ്യുകയും കേസിൽ പ്രതിയാകുകയും പാതിരാത്രിയിൽ വീടാക്രമിക്കുകയുമൊക്കെ ഉണ്ടായപ്പോൾ അക്ഷോഭ്യയായി എല്ലാ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നേരിട്ടാണ് ലത പൊതുരംഗത്ത് നിന്നത്. ഈ പ്രതിസന്ധികൾക്കിടയിലും ലോക്ക് ഡൗൺ കാലത്ത് പ്രയാസങ്ങളനുഭവിച്ച നിരവധി പേർക്ക് ഒരു മാസക്കാലം തുടർച്ചയായി ഭക്ഷണപ്പൊതികൾ എത്തിച്ചുനൽകുന്നതിൽ വയൽക്കിളി പ്രവർത്തകർക്കൊപ്പം ചേർന്നുനിന്ന് പ്രവർത്തിച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനുവേണ്ടി കഴിഞ്ഞ പത്ത് വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ ഫെഡറേഷന്റെ തളിപ്പറമ്പ് യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയായി രണ്ട് വർഷക്കാലമായി പ്രവർത്തിക്കുകയാണ് ലത.