കാഞ്ഞങ്ങാട്: ഉപജീവന മേഖലയിൽ നവ്യാനുഭവമായി കുടുംബശ്രീ സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം (എസ്.വി.ഇ.പി). കൊവിഡ് പ്രതിസന്ധിയിൽ സംരംഭങ്ങൾ പിടിച്ചുനിൽക്കാൻ പാടുപെടുമ്പോൾ മാസ്‌ക് , സഞ്ചി ഹാൻഡ് വാഷ് സംരംഭങ്ങളിലൂടെ നീലേശ്വരം ബ്ലോക്കിലെ സംരംഭകർക്ക് ലഭിച്ചത് 30 ലക്ഷത്തോളം രൂപയുടെ വിറ്റുവരവാണ്. കൂടാതെ കഴിഞ്ഞ രണ്ടുവർഷകാലമായി നടന്ന കുടുംബശ്രീ മേളകളിലൂടെ ഈ സംരംഭകർ നടത്തിയത് 25 ലക്ഷത്തിലധികം രൂപയുടെ കച്ചവടവും. നീലേശ്വരം ബ്ലോക്കിലെ ആറ് ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന കുടുംബശ്രീ അംഗങ്ങൾക്കും കുടുംബങ്ങൾക്കും ആണ് പദ്ധതിയുടെ അനുകൂല്യം ലഭിക്കുന്നത്.

2018 മുതൽ കുടുബശ്രീ മിഷൻ നീലേശ്വരം ബ്ലോക്കിൽ നടപ്പിലാക്കി വരുന്ന സംരംഭകത്വ പദ്ധതിയാണ് എസ്.വി.ഇ.പി. ഒരു ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു ബ്ലോക്കിലാണ് പദ്ധതി നടത്തിപ്പ്. സംരംഭങ്ങൾ തുടങ്ങുന്നതിനും അവ മുന്നോട്ട് കൊണ്ടുപോകുന്നതിനും ആവശ്യമായ സഹായം നൽകുന്നതിലൂടെ ഗ്രാമീണരായ ജനങ്ങൾക്ക് നല്ല രീതിയിൽ വരുമാനം പ്രാദേശികമായി കണ്ടെത്തുകയാണ് എസ്.വി.ഇ.പി യുടെ ലക്ഷ്യം. സംരംഭങ്ങൾ ആരംഭിക്കുന്നതിനു ആവശ്യമായ ബിസിനസ് പരിജ്ഞാനം, സമാന സ്വഭാവമുള്ള സംരംഭങ്ങൾ നേരിൽ കണ്ട് പരിചയപ്പെടാനുള്ള അവസരം, സംരംഭം തുടങ്ങിയ ശേഷമുള്ള സുപ്രധാനമായ ആറുമാസക്കാലം അയൽക്കൂട്ടങ്ങൾ, എ.ഡി.എസ്, സി.ഡി.എസ് എന്നിവയിലൂടെ സംരംഭത്തിനാവശ്യമായ ബിസിനസ് അറിവ് പകർന്നു നൽകുന്നതിനു തദ്ദേശീയമായി തിരഞ്ഞെടുക്കുപ്പെട്ട മൈക്രോ എന്റർപ്രൈസ് കൺസൽട്ടന്റുമാരുടെ സേവനം എന്നിവയാണ് പദ്ധതിയുടെ പ്രത്യേകതകൾ.

നീലേശ്വരം ബ്ലോക്കിലെ 1705 അയൽക്കൂട്ടങ്ങളിലെ 26204 വനിതകൾക്കും അവരുടെ കുടുംബങ്ങൾക്കും ആണ് പദ്ധതി പ്രയോജനം ലഭിക്കുന്നത്. നിലവിൽ 14 മൈക്രോ എന്റർപ്രൈസ് കൺസൽട്ടന്റുമാർ പ്രവർത്തിച്ചു പോരുന്നു. 2018 വരെ 50 ഇൽ താഴെ മാത്രം കുടുംബശ്രീ സംരംഭങ്ങൾ ഉണ്ടായ ബ്ലോക്കിൽ ഇന്ന് 900 ളം സംരംഭങ്ങൾ ഉത്പന്ന വിപണന സേവന മേഖലകളിൽ പ്രവർത്തിക്കുന്നു.