കാസർകോട്: ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ ഉയർന്ന പ്രശ്നങ്ങൾക്ക് ശുഭപര്യവസാനം. സി.പി.എം നേതൃത്വം പരമാവധി വിട്ടുവീഴ്ചയ്ക്ക് തയാറായതോടെ പുതുതായി മുന്നണിയിൽ എത്തിയ രണ്ടു പാർട്ടികൾക്കും ഡിവിഷനുകൾ ലഭിച്ചു. പിലിക്കോട് ഡിവിഷൻ എൽ.ജെ.ഡിക്ക് വിട്ടുകൊടുത്ത സി.പി.എം കഴിഞ്ഞതവണ സി.പി.എമ്മിലെ ഇ. പത്മാവതി ജയിച്ച കള്ളാർ ഡിവിഷൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനും നൽകി.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം സീറ്റ് കിട്ടാത്തതിന്റെ പേരിൽ യു.ഡി.എഫിൽ കലാപക്കൊടി ഉയർത്തിയ ഘട്ടത്തിലാണ് ജോസ് പക്ഷത്തെ എൽ.ഡി.എഫ് കാര്യമായി പരിഗണിച്ചത്. ജയിച്ച സീറ്റ് നൽകിയ സി.പി.എമ്മിന്റെ നീക്കം ഘടകകക്ഷികളെ കൂടെ നിർത്താനുള്ള ശ്രമമായി വിലയിരുത്തുന്നു. ദിവസങ്ങളായി നിലനിന്നിരുന്ന ആശങ്കകൾക്കാണ് ഇതോടെ വിരാമമായത്. മുന്നണി യോഗങ്ങൾ പലതവണ ചേർന്നാണ് ചർച്ചകൾ നടത്തിയത്. ഉഭയകക്ഷി ചർച്ചകൾ കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരന്റെ വസതിയിലാണ് നടന്നത്. അനിശ്ചിതത്വത്തിന് ഒടുവിൽ ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫ് സീറ്റ് വിഭജനം ഇന്നലെയാണ് പൂർത്തിയായത്.
ചിറ്റാരിക്കൽ ഡിവിഷനിൽ പ്രാദേശിക കക്ഷിയായ ഡി.ഡി.എഫ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകും. ചെറുവത്തൂർ, കരിന്തളം, മടിക്കൈ, പെരിയ, ദേലമ്പാടി, പുത്തിഗെ, കുമ്പള , മഞ്ചേശ്വരം, ചെങ്കള ഡിവിഷനുകളിൽ സി.പി.എമ്മും ബേഡകം, വൊർക്കാടി, എടനീർ ഡിവിഷനുകളിൽ സി.പി.ഐയും ഉദുമ, സിവിൽ സ്റ്റേഷൻ ഡിവിവഷനുകളിൽ ഐ.എൻ.എല്ലും കള്ളാറിൽ കേരളാ കോൺഗ്രസ് എമ്മും പിലിക്കോട് എൽ.ജെ.ഡിയും മത്സരിക്കും. ജില്ലാ പഞ്ചായത്ത് വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് ഇടതുമുന്നണി കൺവീനർ കെ.പി സതീഷ് ചന്ദ്രൻ പറഞ്ഞു.
ആകെ വാർഡ് 17
സി.പി.എം 9
സി.പി.ഐ 3
ഐ എൻ എൽ 2
കേരളാ കോൺഗ്രസ് 1
എൽ.ജെ.ഡി 1
ഡി.ഡി.എഫ് 1