dhamodharan
കെ.വി.ദാമോദരൻ

തലശ്ശേരി: ടിന്നു കൊണ്ട് നിർമ്മിച്ച മെഗാഫോണിൽ ആവേശത്തോടെ മുദ്രാവാക്യം വിളി ഉയർന്നു. തൊട്ടുപിറകിൽ പെട്രോൾ മാക്സ് തലയിൽ വച്ച പാർട്ടി സഖാവ്. കവലകൾ തോറും സ്ഥാനാർത്ഥിയുടെ 'കാള'ത്തിലൂടെയുള്ള വോട്ടഭ്യർത്ഥന. തൊണ്ട പൊട്ടുമാറുച്ചത്തിലുള്ള മുദ്രാവാക്യം വിളി .'നമ്മുടെ സ്ഥാനാർത്ഥി കെ.വി. ദാമോദരൻ, നമ്മുടെ ചിഹ്നം തോണിയടയാളം..'

1963ൽ ചൊക്ലി പഞ്ചായത്ത് രൂപീകൃതമായപ്പോൾ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ തനിക്കുവേണ്ടിയുള്ള മുദ്രാവാക്യം

ഏറ്റുവിളിച്ചവരിൽ നിടുമ്പ്രത്തെ കമ്യൂണിസ്റ്റ് സ്ഥാനാർത്ഥി കെ.വി. ദാമോദരനുമുണ്ടായിരുന്നു. തളർന്നവശരായവർക്ക് ചൂടുള്ള ചുക്കു കാപ്പിയും കപ്പ പുഴുങ്ങിയതും. ചുക്കുകാപ്പി കൊണ്ട് തൊണ്ട നനഞ്ഞാലെ ശബ്ദം തിരിച്ചുകിട്ടു. പുതുതായി കിളച്ച മൺചുമരുകളെ (തിണ്ടുകൾ) ലക്ഷ്യം വച്ചാണ് പിന്നത്തെ യാത്ര. കക്ക നീറ്റി ഉണ്ടാക്കിയ ചുണ്ണാമ്പു കൊണ്ട് ചിഹ്നവും സ്ഥാനാർത്ഥിയുടെ പേരും എഴുതി വയ്ക്കും. കോറ തുണിയിൽ നീലം കൊണ്ടെഴുതിയ രണ്ടോ മൂന്നോ ബാനറുകൾ പ്രധാന കവലയിൽ കെട്ടിവെക്കും.

ആ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകാരും ലീഗുകാരും ഒന്നിച്ചായിരുന്നു. എല്ലാവർക്കും ചിഹ്നം തോണി തന്നെ. മേനപ്രം, ഒളവിലം പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് ചൊക്ലി പഞ്ചായത്ത് രൂപീകരിച്ചത്.അന്ന് ഒൻപത് വാർഡുകളായിരുന്നു. സി.എച്ച് കണാരൻ, എൻ.ഇ. ബാലറാം, പി.വി. കുഞ്ഞിരാമൻ തുടങ്ങിയ പ്രമുഖ നേതാക്കൾ വോട്ടു പിടിക്കാനെത്തിയിരുന്നു.

അക്കാലത്ത് പാനൂരിൽ പി.ആർ. കുറുപ്പിന്റെ പ്രതാപകാലമായിരുന്നു. കുറുപ്പിന്റെ പടയെ തടയാൻ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ലീഗുകാരുമെല്ലാം ചേർന്ന് ആക്ഷൻ കമ്മിറ്റി ഉണ്ടാക്കിയിരുന്നു. പോളിംഗ് ദിവസം നേരം പുലരും മുമ്പുതന്നെ വോട്ടർമാരെ ബൂത്തുകളിലെത്തിക്കും. മണിക്കൂറുകൾ ക്യൂവിൽ നിന്നാണ് വോട്ട് ചെയ്യുന്നത്. വോട്ട് ചെയ്യുകയെന്നത് വലിയ അഭിമാനമായിരുന്നു. പിന്നീട് 1980ലാണ് കെ.വി. ദാമോദരൻ ചൊക്ലി പഞ്ചായത്ത് പ്രസിഡന്റായത്. ഒട്ടേറെ വികസനം തന്റെ കാലത്ത് വന്നുവെന്ന് ദാമോദരേട്ടൻ അഭിമാനത്തോടെ പറയുന്നു. വൈദ്യുതിയെത്തിയതും ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഒളവിലം പ്രദേശത്തേക്ക് റോഡുകളും പാലവും നിർമ്മിക്കാനായതും കാഞ്ഞിരത്തിൻ കീഴിൽ മത്തിപറമ്പ് റോഡിൽ പാലം നിർമ്മിച്ചതും പാത്തി പാലം കോൺക്രീറ്റ് ചെയ്തതും മുണ്ടിയോട് സ്‌കൂൾ റോഡും പാലവുമെല്ലാം നിർമ്മിച്ചതുമെല്ലാം ഈ പഴയ പ്രസിഡന്റ് ഓർമ്മിച്ചെടുക്കുന്നു.
ആദ്യകാലത്ത് പഞ്ചായത്തിലെ ദൈനംദിന കാര്യങ്ങളിലടക്കം ജീവനക്കാരെ സഹായിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് സിറ്റിംഗ് അലവൻസ് മൂന്ന് രൂപയായിരുന്നു. പിന്നീട് മാസത്തിൽ 12 രൂപയായി. 1980 മുതൽ പ്രസിഡന്റിന് നൂറ് രൂപയും മെമ്പർമാർക്ക് 75 രൂപയുമായി. പഞ്ചായത്തിനകത്ത് ഭരണ പ്രതിപക്ഷ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല.

1955 ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ ദാമോദരൻ, 57ൽ ലോക്കൽ സെക്രട്ടറിയായി. 81 വരെ ഈ സ്ഥാനത്ത് തുടർന്നു. 87 ൽ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായി. 2013 വരെ ആ നിലയിൽ തുടർന്നു. 85ാം വയസ്സിലും ഉന്നത കമ്യൂണിസ്റ്റ് മൂല്യം ഉയർത്തി പിടിക്കുന്ന ദാമോദരൻ, ഇലക്ട്രോണിക് ഇലക്ഷൻ യുഗത്തിലും ആവേശം വിടാത്ത മനസുമായി നിടുമ്പ്രം മുത്തപ്പൻ ക്ഷേത്രത്തിനടുത്ത വീട്ടിൽ തന്നെയുണ്ട്.