chiratta
ചിരട്ടയിൽ നിർമ്മിച്ച ശില്പവുമായി ധനേഷ്‌

പേരാവൂർ: ചിരട്ടകൾ കൊണ്ട് വിസ്മയം തീർക്കുകയാണ് തില്ലങ്കേരി പള്ള്യത്തെ ആദിശിവയിൽ സി.കെ. ധനേഷ്. അലസമായി വലിച്ചെറിയുന്ന ചിരട്ടകൾ ഈ ചെറുപ്പക്കാരന്റെ കൈകളിലെത്തുമ്പോൾ മനോഹര കരകൗശല വസ്തുക്കളാകുകയാണ്. മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിലൂടെ ചിരട്ടശില്പം കണ്ടപ്പോൾ തോന്നിയ കൗതുകമാണ് ധനേഷിനെ ഈ രംഗത്തേക്ക് എത്തിച്ചത്. ഇന്ന് കുടുംബത്തിന്റെ ഉപജീവന മാർഗ്ഗം കൂടിയാണിത്.

മൊബൈൽ സ്റ്റാൻ‌ഡ് നിർമ്മിച്ചു കൊണ്ടായിരുന്നു തുടക്കം. അത് വിജയിച്ചതോടെ വിവിധ തരത്തിലുള്ള പൂക്കൾ, കപ്പ്, വിളക്ക്, അരിവാൾ ചുറ്റിക നക്ഷത്രം, ഭണ്ഡാരം തുടങ്ങിയ കമനീയ രൂപങ്ങൾ പിറവിയെടുത്തു.ബ്ലെയ്ഡും, സാൻഡ് പേപ്പറും മാത്രമായിരുന്നു പണിയായുധങ്ങൾ. ആറു മുതൽ എട്ടുമണിക്കൂർ വരെ നീളുന്ന ഏകാഗ്രമായ പരിശ്രമത്തിലൂടെയാണ് ഒരു ശില്പം നിർമ്മിക്കുന്നതെന്ന് ധനേഷ് പറഞ്ഞു.

ധനേഷിന് സർവ്വവിധ പിന്തുണയുമായി ഭാര്യ പ്രജിനയും മക്കളായ യു.കെ.ജി.വിദ്യാർത്ഥിനി ശിവാനിയും, നാലാം ക്ലാസിൽ പഠിക്കുന്ന ആദിത്തുമുണ്ട്. സുഹൃത്തുക്കളാണ് ആവശ്യത്തിനുള്ള ചിരട്ടകൾ സംഘടിപ്പിച്ചു നൽകുന്നത്.

ശില്പങ്ങൾക്ക് ആവശ്യക്കാരെറേയുണ്ട്. മിതമായ ഒരു പ്രതിഫലം വാങ്ങി കൊറിയർ സർവ്വീസിലൂടെയാണ് അന്യജില്ലകളിലേക്ക് ഇവ എത്തിക്കുന്നത്. മറ്റുള്ളവർക്ക് സമ്മാനമായി നൽകുന്നതിനും വീടുകൾ അലങ്കരിക്കുന്നതിനും മറ്റുമായി നിരവധി ഓർഡറുകൾ ലഭിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ സമയമായതിനാൽ പാർട്ടികളുടെ ചിഹ്നങ്ങൾക്കും വൻ ഡിമാൻഡുണ്ടെന്ന് ധനേഷ് പറയുന്നു. ധനേഷിന്റെ നമ്പർ 9207109207.