തലശ്ശേരി: തിരഞ്ഞെടുപ്പ് ആവേശത്തിൽ സ്ഥാനാർത്ഥികൾ വീട്ടിലേക്ക് ഓടിക്കയറുന്നത് അല്പം കുറയ്ക്കണമെന്ന് ആദ്യദിനങ്ങളിൽ തന്നെ അഭിപ്രായമുയരുന്നു. വോട്ട് തേടിയെത്തുന്ന സ്ഥാനാർത്ഥികളിൽ പലരും സ്വാതന്ത്ര്യത്തോടെ വീട്ടകങ്ങളിലേക്ക് ഓടിക്കയറുന്നത് കൊവിഡ് ഭീതിയിൽ കഴിയുന്ന കുടുംബങ്ങളെയും അലോസരപ്പെടുത്തുകയാണ് .
പിഞ്ചുകുഞ്ഞുങ്ങളും രോഗികളും വയോധികരുമുള്ള കുടുംബങ്ങളിലാണ് സ്ഥാനാർത്ഥികളുടെ ഓടിക്കയറ്റം രസക്കേടുണ്ടാക്കുന്നത്. സ്ഥാനാർത്ഥികളോട് ആരും മറുത്തൊന്നും പറയുന്നില്ലെങ്കിലും ചെറിയ നീരസത്തിന് ഇടയാക്കുന്നുണ്ട്. പല സ്ഥലങ്ങളിലും കയറിയിറങ്ങിയാണ് സ്ഥാനാർത്ഥികൾ വരുന്നതെന്നതിനാൽ പരമാവധി വീട്ടിലേക്ക് കയറാതിരിക്കാനും ചെറിയ കുട്ടികളെ എടുക്കാതിരിക്കാനും പ്രായമായവരുടെ കൈപിടിക്കാനും അനുവദിക്കരുതെന്ന് ആരോഗ്യ വകുപ്പും ഓർമ്മപ്പെടുത്തുന്നുണ്ട് . ആവേശത്തള്ളിച്ചയിൽ മുന്നറിയിപ്പ് പലരും മറന്നുപോവുകയാണ്.
അത്യാവശ്യത്തിന് പുറത്തുപോയി വരുന്ന വീട്ടുകാർ പോലും വസ്ത്രം മാറ്റിയും കുളിച്ചും അകത്തു കയറുന്ന അവസ്ഥയിലാണ് വോട്ടിനു വേണ്ടിയുള്ള ഈ കടന്നുകയറ്റം.