കൊട്ടിയൂർ: യൂത്ത് കോൺഗ്രസ് നേതാവും കൊട്ടിയൂർ ഒമ്പതാം വാർഡ് പ്രസിഡന്റുമായിരുന്ന ജയ്‌മോൻ കല്ലുപുരക്കകത്ത് ബി.ജെ.പിയിലേക്ക്. 25 വർഷത്തോളമായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന ജയ്‌മോൻ പഞ്ചായത്തിലേക്ക് മത്സരിക്കാൻ നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ടുവെങ്കിലും ലഭിച്ചില്ല. ഇതേത്തുടർന്ന് സ്ഥലം എം.എൽ.എ സണ്ണി ജോസഫിന് ജയ്‌മോൻ ആത്മഹത്യാ ഭീഷണി മുഴക്കി അയച്ച വാട്സ് ആപ് സന്ദേശം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റിയും സ്ഥാനാർത്ഥി നിർണ്ണയ സബ് കമ്മിറ്റിയും ജില്ലാ കമ്മിറ്റിക്ക് നൽകിയ പരാതിയിന്മേൽ ജയ്‌മോനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

ഇത്രയും കാലം കോൺഗ്രസിനു വേണ്ടി പ്രവർത്തിച്ച തന്നോട് യാതൊരു വിശദീകരണവും ചോദിക്കാതെ ഡി.സി.സിയും, കോൺഗ്രസ് പ്രാദേശിക നേതൃത്വവും സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് ഇനി ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിക്കാനാണ് താല്പര്യമെന്ന് ജയ്‌മോൻ പറഞ്ഞു.