-sruthi
ടി.ശ്രുതി

കണ്ണൂർ: സമൂഹമാദ്ധ്യമങ്ങളിൽ സാമൂഹ്യപ്രതിബദ്ധത ഒതുക്കുന്നവരാണ് പുതുതലമുറയെന്ന ധാരണ തിരുത്തി ഇക്കുറി സ്ഥാനാർത്ഥി ലിസ്റ്റ്. യുവാക്കളുടെ വലിയ പങ്കാളിത്തമാണ് മുന്നണികളുടെ പട്ടികയിലുള്ളത്. വോട്ടർമാരും ഇവരെ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത് .21 വയസുകാർ വരെ ഇക്കൂട്ടത്തിലുണ്ട്.

ഇടതുമുന്നണിക്കായി പരിയാരത്തെ മുടിക്കാനം 17 ാം വാർഡിലെ ടോണ വിൻസന്റ് (23), ആന്തൂർ 16ാം വാർഡിലെ ഇ. അഞ്ജന(23), അഴീക്കോട് പഞ്ചായത്ത് ഒന്നാം വാർഡിലെ ദൃശ്യ (23),ചിറക്കൽ 14 ാം വാർഡ് സ്ഥാനാർത്ഥി ടി. ശ്രുതി (26), കുറുമാത്തുർ ആറാം വാർഡ് സ്ഥാനാർത്ഥി പി.എ. ഇസ്മയിൽ (23) യു.ഡി.എഫിനു വേണ്ടി പരിയാരത്ത് 16 ാം വാർഡ് ദൃശ്യ ദിനേശൻ(21) , അഴിയൂർ 12 ാം വാർഡിലെ പി.പി. ജസ്ന (22), പാച്ചേനി വാർഡിൽ നിന്നും പി. അശ്വതി, പൊടിക്കുണ്ട് ഡിവിഷനിലെ കെ.പി.ഹരിത (23), ബി.ജെ.പിക്ക് വേണ്ടി കുഞ്ഞിമംഗലം ഡിവിഷൻ സ്ഥാനാർത്ഥി അരുൺ കൈതപ്രം (27), വാരം ഡിവിഷനിൽ നിന്ന് ലയന ശശീന്ദ്രൻ (24), മുണ്ടയാട് ഡിവിഷനിൽ അക്ഷയ കൃഷ്ണ (23), അഡ്വ. ശ്രദ്ധ (23) എന്നിങ്ങനെ പോകുന്നു യുവ സ്ഥാനാർത്ഥികളുടെ നിര.

ഇവരിൽ പലരും തങ്ങളെക്കാൾ എത്രയോ പ്രായവും പരിചയവും ഉള്ളവർക്കെതിരെയാണ് മത്സരിക്കുന്നുവെന്നത് മറ്റൊരു കാര്യം. വിദ്യാസമ്പന്നരായ ചെറുപ്പക്കാർ രാഷ്ട്രീയ പ്രതിനിധി സ്ഥാനത്തെത്തുന്ന് വളരെ നല്ല കാര്യമാണെന്നും നാടിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുവാനും ഒരു മാറ്റം കൊണ്ടുവരാനും ഇവർക്ക് സാധിക്കുമെന്നുമാണ് വോട്ടർമാരുടെ അഭിപ്രായം. വോട്ട് ചെയ്തുതന്നെ കുറഞ്ഞ പരിചയം മാത്രമുള്ള പലർക്കും പുതിയ അനുഭവമാണ് തിരഞ്ഞെടുപ്പ് രംഗം. ആളുകളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നാണ് ന്യൂജെൻ സ്ഥാനാർത്ഥികളുടെ അഭിപ്രായം.

പ്രചരണം ശക്തമായി നടക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് വോട്ടർമാരിൽ നിന്ന് ലഭിക്കുന്നത്.വിജയിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ട്.

ചിറക്കൽ 14 ാം വാർഡ് എൽ.‌ഡി.എഫ് സ്ഥാനാർത്ഥി ടി.ശ്രുതി

അടുത്ത ദിവസം തന്നെ നോമിനേഷൻ നൽകും. മത്സരിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.വിജയ പ്രതീക്ഷയുണ്ട്.

അരുൺ കൈതപ്രം,കുഞ്ഞിമംഗലം ഡിവിഷൻ ബി.ജെ.പി സ്ഥാനാർത്ഥി

പ്രചരണം ആരംഭിക്കാനിരിക്കുകയാണ്. നോമിനേഷൻ ഉടൻ നൽകും.വിജയിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

കെ.പി. ഹരിത, പൊടിക്കുണ്ട് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി