കണ്ണൂർ: ഏത് തിരഞ്ഞെടുപ്പ് കഴിഞ്ഞാലും മുന്നണി വ്യത്യാസമില്ലാതെ കള്ളവോട്ട് ആരോപണം പതിവാണ്. എന്നാൽ ഇത്തരം കേസുകളിൽ കുറ്റക്കാരെ കണ്ടെത്തുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ലെന്നുള്ളത് രാഷ്ട്രീയ പാർട്ടികൾ പോലും ശ്രദ്ധിക്കുന്നുമില്ല. ഭരണത്തിനൊത്ത് തുള്ളുന്ന ഉദ്യോഗസ്ഥർ തന്നെയാണ് ഇത്തരം കേസുകൾ പിടിച്ചുവയ്ക്കുന്നതെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിലെ പിലിക്കോട് പഞ്ചായത്ത് കാലിക്കടവ് പന്ത്രണ്ടാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ കെ. നവീൻ ബാബുവിനെ മൂന്ന് വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജീവൻ പരാജയപ്പെടുത്തിയത്. നാട്ടിലില്ലാത്തവരുടെയും ആശുപത്രിയിലുള്ളവരുടെയും വോട്ടുകൾ വ്യാജമായി ചെയ്താണ് സി.പി.എം സ്ഥാനാർത്ഥി വിജയിച്ചതെന്ന് കാണിച്ച് നവീൻബാബു കോടതിയെ സമീപിച്ചിരുന്നു. തെളിവായി തിരഞ്ഞെടുപ്പ് ദിവസം വിദേശത്ത് ജോലിചെയ്യുകയായിരുന്ന 7 ആളുകളുടെ കള്ളവോട്ട് രേഖപ്പെടുത്തിയ തെളിവുകളും ഹാജരാക്കിയിരുന്നു. 5 വർഷത്തിനുള്ളിൽ ഒമ്പത് തവണ കോടതി കേസ് പരിഗണിച്ചെങ്കിലും പ്രധാനമായി ഹാജരാകേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ചുമതലയുള്ള തഹസിൽദാർ ഹാജരാകാതിരുന്നതാണ് കേസ് നീണ്ടുപോകാൻ കാരണമായി പറയുന്നത്.

സമാനമായ സംഭവമാണ് കണ്ണൂർ ജില്ലയിൽ ഏരുവേശ്ശി കേസിലും സംഭവിച്ചതെന്നും പറയുന്നു. 2014 ഏപ്രിലിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഏരുവേശ്ശി യു.പി സ്കൂളിലെ ബൂത്തിൽ സി.പി.എം 59 കള്ളവോട്ടുകൾ രേഖപ്പെടുത്തി എന്നായിരുന്നു കേസ്. കോൺഗ്രസ് നേതാവ് ജോസഫ് കൊട്ടുകാപ്പള്ളിയാണ് ക്രമക്കേട് ചൂണ്ടികാട്ടി കോടതിയെ സമീപിച്ചത്. ആദ്യം പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഭരണ സ്വാധീനത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ കോടതി നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ഉദ്യോഗസ്ഥരും കേസിൽ പ്രതിയായിരുന്നു. പരാതിക്കാരൻ നാട്ടിലില്ലാതെ വോട്ടുരേഖപ്പെടുത്തിയ 25 ആളുകളുടെ പട്ടികയും സമർപ്പിച്ചിരുന്നു. ഇതിൽ മൂന്നുപേർ പട്ടാളത്തിൽ ജോലിയിലായിരുന്നു എന്ന് മേജർ സാക്ഷ്യപ്പെടുത്തിയ രേഖയും ഉൾപ്പെടും.

ഒടുവിൽ പൊലീസ് കള്ളവോട്ട് രേഖപ്പെടുത്തിയ ഒരാളെയും 4 ഉദ്യോഗസ്ഥരെയും പ്രതി ചേർത്ത് കേസെടുക്കുകയായിരുന്നു. എന്നാൽ കള്ളവോട്ട് രേഖപ്പെടുത്തിയ മുഴുവൻ ആളുകളെയും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ വീണ്ടും സമീപിച്ചെങ്കിലും ഇതേവരെ ഇതിന്മേൽ തീർപ്പായിട്ടില്ല. കഴിഞ്ഞ ആഗസ്റ്റിലാണ് ഒടുവിൽ കേസ് പരിഗണിച്ചത്. പിലാത്തറ, പുതിയങ്ങാടി, പാമ്പുരുത്തി, വേങ്ങാട് ബൂത്തുകളിലും തീർപ്പാകാത്ത കള്ളവോട്ട് കേസുകൾ നിലവിലുണ്ട്.