m-kunhambadi
അഡ്വ എം സി ജോസ്

കാഞ്ഞങ്ങാട്: പ്രഥമ കാസർകോട് ജില്ലാ കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനം അഡ്വ. എം.സി. ജോസിനു വേണ്ടി സി.പി.എമ്മിനോട് ചോദിച്ചു വാങ്ങുകയായിരുന്നു കോൺഗ്രസ്-എസ് സംസ്ഥാനനേതൃത്വം. ഇടുക്കി ജില്ലാ കൗൺസിൽ പ്രസിഡന്റ് സ്ഥാനമായിരുന്നു അന്ന് ശക്തമായിരുന്ന കോൺഗ്രസ്- എസിന് നൽകാൻ ധാരണയാക്കിയിരുന്നത്.

എന്നാൽ അഡ്വ. എം.സി ജോസിനെ പ്രസിഡന്റാക്കണമെന്ന നിലപാടായിരുന്നു പാർട്ടി സംസ്ഥാനനേതൃത്വത്തിന്. സംസ്ഥാന കമ്മിറ്റി അംഗം പരേതനായ സി. കൃഷ്ണൻ നായരെയായിരുന്നു സി.പി.എം ജില്ലാനേതൃത്വം പ്രസിഡന്റായി കണ്ടിരുന്നത്. ജില്ലാകൗൺസിൽ തിരഞ്ഞെടുപ്പിൽ പനത്തടി ഡിവിഷനാണ് എൽ.ഡി.എഫിന് മേൽക്കൈ ഉണ്ടാക്കിയത്. ഇവിടെയായിരുന്നു എം.സി. ജോസിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. അന്തരിച്ച കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന എം. കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു ജോസിന്റെ എതിരാളി. 56 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നമ്പ്യാർക്കെതിരെ എം.സി.ജോസ് നേടിയത്. വോട്ടെണ്ണലിന്റെ അവസാന ഘട്ടം വരെ നമ്പ്യാർ ജയിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഫലം വന്നപ്പോൾ ജയം ഇടതു പക്ഷത്തായി. കാസർകോട് ജില്ലാ കൗൺസിൽ ഭരണവും ഇടതിനായി.