കാസർകോട്: ശക്തിദുർഗമായ കാസർകോട് നഗരസഭയിൽ സ്ഥാനാർത്ഥിനിർണയം മുസ്ലിം ലീഗിന് ഇക്കുറിയും കല്ലുകടി തന്നെ.റിബലുകളുടെ പ്രവേശനവും പുറത്താക്കലും പതിവായിരുന്ന മുൻകാലത്തിന്റെ ആവർത്തനം പോലെയാണ് ഇക്കുറിയും കാര്യങ്ങൾ നീങ്ങുന്നത്.
യു.ഡി.എഫിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന 23 വാർഡുകളിൽ ഏഴിടങ്ങളിൽ തർക്കം തുടരുകയാണ്. വാർഡ് ഒന്ന് ചേരങ്കൈവെസ്റ്റ്, 12 ചാല, 14 തുരുത്തി, 15 കൊല്ലമ്പാടി, 24 ഖാസിലേൻ, 25 ബാങ്കോട്, 30 ദീനാർ എന്നീ വാർഡുകളിലാണ് സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നത്. ഇവിടെ ഒന്നിലധികം പേർ രംഗത്തുണ്ട്. ഒന്നാം വാർഡിൽ മുഷ്താഖിനെയാണ് നേതൃത്വം മുന്നിൽ കാണുന്നതെങ്കിലും ഇവിടെ മുറുമുറുപ്പുയർന്നിട്ടുണ്ട്. ചാലയിൽ മമ്മു, സാദിഖ്, ഹാരിസ് എന്നിവർ ഇപ്പോഴും രംഗത്തുണ്ട്. തുരുത്തിയിൽ സൈനുദ്ദീൻ, ഹാരിസ്, ഖലീൽ എന്നിവരുടെ പേരുകളിൽ ഇപ്പോഴും തീരുമാനമായില്ല.
കൊല്ലമ്പാടിയിൽ മജീദ്, മൊയ്തീൻ, ഖലീൽ എന്നിവരുടെ പേരുകളിൽ ഇപ്പോഴും ചർച്ച തുടരുകയാണ്. 24ാം വാർഡിൽ മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റും നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ മുനീറിനാണ് സാദ്ധ്യതയെങ്കിലും മറ്റ് രണ്ടുപേരുകൾ കൂടി ഉയരുന്നുണ്ട്. 25ാം വാർഡായ ബാങ്കോട്ട് നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫർസാന ശിഹാബുദ്ദീൻ, ഇഖ്ബാൽ സോഡ എന്നിവരുടെ പേരുകളാണുള്ളത്. ഇവിടെ ബഷീർ വോളിബാൾ, കുഞ്ഞിമൊയ്തീൻ എന്നീ പേരുകളും നിർദ്ദേശിക്കപ്പെട്ടിരുന്നു.
സംസ്ഥാന നേതൃത്വം പ്രത്യേക അനുമതി നൽകുകയാണെങ്കിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുല്ല തളങ്കര കണ്ടത്തിൽ വാർഡിൽ മത്സരിക്കും. ദീനാർ നഗർ വാർഡിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരിന്റെയും പേരുണ്ടെങ്കിലും പ്രാദേശിക പരിഗണന വച്ച് എം.എസ്. സഖറിയയെ നിർത്തണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്.