പാനൂർ: ഗ്രാമീണ മേഖലകളിൽ കുഴൽകിണറിന് അനുമതി ലഭിക്കാത്തത് കുടിവെള്ള ക്ഷാമം അനുഭവിക്കുന്നവർക്ക് പാരയായി. പത്തായക്കുന്ന് മൂഴിവയൽ ഭാഗത്ത് കഴിഞ്ഞദിവസം കുഴൽ കിണർ കുഴിക്കാൻ ശ്രമിക്കവെ അധികൃതർ തടഞ്ഞ സംഭവമുണ്ടായി. മാറോളിന്റവിട ജ്യോതി നിവാസിൽ ബാബുവിന്റെ വീട്ടിലാണ് പ്രവൃത്തി തടഞ്ഞത്. ഇതോടെ ജോലിക്കാർ തിരിച്ചു പോയി.
തന്റെ വീടിനടുത്തു തന്നെയുള്ള മൂന്നു വീടുകളിൽ കുഴൽ കിണർ കുഴിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും അധികൃതർ തടസ്സമുന്നയിച്ചിട്ടില്ലെന്നും ബാബു പറയുന്നു. ഒരേക്കറോളം വരുന്ന വീട്ടുപറമ്പിന്റെ മദ്ധ്യത്തിലാണ് കുഴൽ കിണറിന് സ്ഥല നിർണ്ണയം നടത്തിയത്. വേനൽ കാലത്ത് ദൂരയുള്ള സ്ഥലങ്ങളിൽ നിന്നും കുടിവെള്ളം വാഹനങ്ങളിലെത്തിച്ചാണ് വീട്ടാവശ്യത്തിനുപയോഗിക്കുന്നെതെന്നും ഇതൊഴിവാക്കാനാണ് കുഴൽ കിണർ കുഴിക്കാൻ തീരുമാനിച്ചെതെന്നും ബാബു പറയുന്നു.
പണി നടന്നില്ലെങ്കിലും കോൺട്രാക്ടർക്ക് 10,000 രൂപയോളം നല്കേണ്ടി വന്നെന്നും പറഞ്ഞു. ഭൂഗർഭജല വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് കുഴൽ കിണർ കുഴിക്കുന്നതിന് തടസമായതെന്നു അധികൃതർ പറയുന്നു.