orchastra
ഒാ‌ർക്കസ്ട്ര

കണ്ണൂർ: ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ ഒാ‌ർക്കസ്ട്ര ട്രൂപ്പുകൾക്കും സ്റ്റുഡിയോകൾക്കും ആശ്വാസം പകർന്ന് തിരഞ്ഞെടുപ്പ്. മുന്നണികൾക്കും സ്ഥാനാർത്ഥികൾക്കും വേണ്ടി പാരഡികൾ എഴുതിയും പാടിയും റിക്കാർഡു ചെയ്തും ആശ്വാസതീരത്താണിപ്പോൾ പല കലാകാരന്മാരും.

പാട്ടെഴുത്തുകാരും വിവിധ വാദ്യ ഉപകരണക്കാരും ഗായകരും എല്ലാം സ്റ്റുഡിയോകളിൽ ഇപ്പോൾ സജീവമാണ്. ജനപ്രിയ ഗാനങ്ങളുടെ പാരഡി, അതത് മുന്നണികളുടെ താൽപ്പര്യ പ്രകാരമാണ് പുറത്തിറക്കുന്നത്. മുന്നണികളുടെ സ്ഥാനാർത്ഥികളെ വാഴ്ത്തിയും ഭരണ നേട്ടങ്ങൾ മുൻ നിർത്തിയും ഒപ്പം എതിർ പക്ഷത്തെ ആക്ഷേപിച്ചുമാണ് പൊതുവെ തിരഞ്ഞെടുപ്പ് ഗാനങ്ങൾ തയാറാക്കുന്നത്.

മാപ്പിളപ്പാട്ടുകളുടെ പാരഡികളാണ് കൂടുതലായും മുന്നണികൾ ആവശ്യപ്പെടുന്നതെന്നാണ് പാട്ടെഴുത്തുകാർ പറയുന്നത്. ഏതാനും മണിക്കൂറുകൾ കൊണ്ട് പാട്ടെഴുതി പൂർത്തിയാക്കുന്നവരുമുണ്ട്. വിപ്ലവ ഗാനങ്ങൾ കൂടുതലും ഇടതുപക്ഷത്തിന് വേണ്ടിയാണെങ്കിലും മാപ്പിളപ്പാട്ട് പാരഡി മൂന്ന് മുന്നണികൾക്കും പ്രിയപ്പെട്ടതാണ്.

ഒരു പാരഡി പാട്ട് എഴുതി റെക്കോർഡ് ചെയ്യാൻ 2000 രൂപ വരെ ഈടാക്കുന്നുണ്ട്.വീഡിയോയും വേണമെങ്കിൽ അത് 4000 ൽ എത്തും. ഒപ്പം ഒരു മണിക്കൂർ നീളുന്ന മൈക്ക് അനൗൺസ്‌മെന്റ് കൂടി ആയാൽ 1500 രൂപ കൂടി വേണ്ടി വരും.

തിരഞ്ഞെടുപ്പ് സമയം ജില്ലയിലെ ചില സ്റ്റുഡിയോകളിൽ ഒരു ദിവസം തന്നെ നൂറും അതിൽ കൂടുതലും പാട്ടുകൾ റെക്കോ‌ർഡ് ചെയ്യാറുണ്ട്. ഹാസ്യ രൂപത്തിലുള്ള വരികൾ എഴുതാനും മുന്നണികൾ ആവശ്യപ്പെടാറുണ്ടെന്ന് എഴുത്തുകാർ പറയുന്നു. താൽക്കാലികമാണെങ്കിലും തിരഞ്ഞെടുപ്പ് തങ്ങളെ കടാക്ഷിച്ചുവെന്നാണ് ഇവരുടെ അഭിപ്രായം.

സമൂഹമാദ്ധ്യമങ്ങളിലും

കൊവിഡ് പശ്ചാത്തലത്തിൽ പ്രചരണത്തിന് മുന്നണികൾ കൂടുതലും ഉപയോഗിക്കുന്നത് സമൂഹ മാദ്ധ്യമങ്ങളായതിനാൽ നിശ്ചിത സമയത്തിൽ വാട്സ് ആപ്പിലും ഫേസ് ബുക്കിലും പോസ്റ്റ് ചെയ്യാൻ സാധിക്കുന്ന വീഡിയോകളും ഫോട്ടോസ് അടങ്ങുന്ന ശബ്ദ രേഖകളുമൊക്കെയാണ് ഇപ്പോഴത്തെ ട്രെന്റ്. ന്യൂജെൻ വോട്ടർമാരെ ആകർഷിക്കും വിധമുള്ള അടിച്ചു പൊളിപ്പാട്ടുകളും ഹരം കൊള്ളിക്കുന്ന സംഭാഷണങ്ങളും ഒപ്പം ചേർത്തിട്ടുണ്ട്.

പാരഡി പാട്ടുകളാണ് എഴുതുന്നത്. മുന്നണികളുടെ നേട്ടത്തിനൊപ്പം എതിർപക്ഷത്തിന്റെ കോട്ടവും എടുത്തു പറയേണ്ടതുണ്ട്. ന്യൂ ജെനറേഷനെ ആകർഷിക്കാനാവശ്യമായ പാട്ടുകളാണ് മുന്നണികൾ ആവശ്യപ്പെടാറുള്ളത്. മാപ്പിളപാട്ടു പാരഡികൾക്കും ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്.

വിജയൻ മറിയാപ്പുറം , പാട്ടെഴുത്തുകാരൻ