കാഞ്ഞങ്ങാട്: നഗരസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. നിലവിലുള്ള ചെയർമാൻ വി.വി രമേശൻ മാതോത്തും, വൈസ് ചെയർമാൻ എൽ. സുലൈഖ പടന്നക്കാട്ടും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഹമൂദ് മുറിയനാവി മുറിയനാവിയിലും വീണ്ടും മത്സരിക്കും.
സി.പി.എം സ്ഥാനാർത്ഥികൾ ഇരുപതിടങ്ങളിലും പാർട്ടി സ്വതന്ത്രർ 11 വാർഡുകളിലും മത്സരിക്കുന്നുണ്ട്. മറ്റ് ഘടകകക്ഷികളിൽ ഐ.എൻ.എൽ 6, എൽ.ജെ.ഡി 1, സി.പി.ഐ 1, കേരള കോൺ എം 1 എന്നിങ്ങനെയാണ് മത്സരിക്കുന്നത്.
മുൻ കൗൺസിലർമാരായ എച്ച്. ശിവദത്ത്, എ.കെ ലക്ഷ്മി, ഇ.വി മോഹനൻ, കെ. രവീന്ദ്രൻ, കെ.വി സരസ്വതി, സി. ജാനകികുട്ടി, കെ. ലത എന്നിവർ വീണ്ടും മത്സരിക്കുന്നുണ്ട്. സി.പി.എം സ്ഥാനാർത്ഥികളാണിവരെല്ലാം. വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബിൽടെക് അബ്ദുള്ള, കൺവീനർ ഡി.വി അമ്പാടി, സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. അപ്പുക്കുട്ടൻ, വി.വി രമേശൻ, സി.കെ ബാബുരാജ്, പി.പി രാജു, കൃഷ്ണൻ പനങ്കാവ്, പി.ടി നന്ദകുമാർ, സി.വി ദാമോദരൻ, സ്റ്റീഫൻ ജോസഫ് എന്നിവർ സംബന്ധിച്ചു.