കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവാണ് എം.കുഞ്ഞമ്പാടി. ചിരി മായാത്ത മുഖവും ത്യാഗസമ്പന്നമായ പ്രവർത്തനവും കൊണ്ട് ഏറെ ജനകീയനാക്കിയ ഇദ്ദേഹത്തിന് പക്ഷെ തിരഞ്ഞെടുപ്പുകളിൽ ഒരിക്കലും ജയിച്ചുകയറാൻ കഴിഞ്ഞില്ലെന്നത് വിധിവൈപരീത്യമെന്നേ വിശേഷിപ്പിക്കാനാകു.
1957 കാലത്ത് സോഷ്യലിസ്റ്റുകളുടെ രണ്ടാം പാനൂരെന്ന് വിശേഷിപ്പിച്ച ഇടമായിരുന്നു ഹൊസ്ദുർഗ്. സോഷ്യലിസ്റ്റ് പാർട്ടി പിന്നീട് പലതായി പിരിഞ്ഞ് ക്ഷയിച്ചുവെങ്കിലും ഇന്നും ഈ പ്രദേശത്ത് സോഷ്യലിസ്റ്ര് പാർട്ടിയ്ക്ക് ശക്തിയുണ്ട്.
ജനതാപാർട്ടി ടിക്കറ്റിൽ ലക്ഷ്മി നഗർ വാർഡിൽ കാഞ്ഞങ്ങാട് പഞ്ചായത്തിലേക്കായിരുന്നു എം. കുഞ്ഞമ്പാടി ആദ്യം പത്രിക നൽകിയത്. പക്ഷെ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സ്വന്തം പാർട്ടിക്കാരനായ എച്ച് .പി. ജനാർദ്ദന ഹെഗ്‌ഡെയും പത്രിക നൽകി. ഔദ്യോഗിക സ്ഥാനാർത്ഥിയായിട്ടും പിൻവാങ്ങാനായിരുന്നു കുഞ്ഞമ്പാടിയുടെ തീരുമാനം.
സ്വന്തം വീട് സ്ഥിതി ചെയ്യുന്ന കാഞ്ഞങ്ങാട് സൗത്ത് വാർഡിൽ ആദ്യം മത്സരിച്ചപ്പോൾ സ്വന്തം പാർട്ടിയിലെ തളാപ്പൻ തമ്പാൻ നായർ റിബലായി വന്നു .തോൽവിയായിരുന്നു ഫലം. തൊട്ടടുത്ത തിരഞ്ഞെടുപ്പിലും പാർട്ടി കുഞ്ഞമ്പാടിയെ ഇറക്കി. ഇത്തവണ മുന്നണിയിൽപെട്ട ഗംഗാധരൻ പാലക്കീൽ റിബലായി.തോൽവി തന്നെയായിരുന്നു അന്നും.
2005 ൽ ഐങ്ങോത്ത് മത്സരിച്ചപ്പോൾ റിബലുകൾ ഉണ്ടായിരുന്നില്ല.പക്ഷെ മുന്നണിയിൽപെട്ട ചിലർ കാര്യമായി കാലുവാരുകയും ചെയ്തു.പിന്നീട് മത്സരരംഗത്തേക്ക് വന്നിട്ടില്ല.
36 വർഷമായി കോട്ടച്ചേരി പാൽസൊസൈറ്റിയുടെ പ്രസിഡന്റാണ് കുഞ്ഞമ്പാടി.സൊസൈറ്റിയിൽ സോഷ്യലിസ്റ്റ് നേതാക്കളുടെ പ്രവർത്തകരുടെയും ബന്ധുക്കൾക്ക് ജോലി നൽകി. സ്വന്തം മക്കളുടെ കാര്യം വന്നപ്പോൾ തനിക്കതിന് കഴിഞ്ഞതുമില്ലെന്ന് എൽ.ജെ.ഡി സംസ്ഥാനകമ്മിറ്റിയംഗമായ കുഞ്ഞമ്പാടി പറയുന്നു.