poster
ധർമ്മടത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചുമരെഴുത്ത്

തലശ്ശേരി: വോട്ട് പിടിക്കാൻ കൊവിഡ് പ്രതിരോധ ബോധവൽക്കരണവും ആയുധമാക്കി സ്ഥാനാർത്ഥി.
ധർമ്മടം ഏഴാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.എം.പി. മോഹനന് വോട്ടുതേടിയുള്ള ചുമരെഴുത്തിലാണ് കൊവിഡ് ബോധവത്കരണവും ഉൾപ്പെടുത്തിയത്.
പ്രകൃതി സൗഹൃദ രീതിയവലംബിച്ച്, വീട്ടു മതിലിൽ വർണ്ണങ്ങളുപയോഗിച്ച് സ്ഥാനാർത്ഥിയുടെ പടവും, കൊവിഡ് മുൻ കരുതൽ സന്ദേശവുമുൾക്കൊള്ളിച്ച് തയാറാക്കിയ വോട്ടഭ്യർത്ഥന അനേകരെ ആകർഷിക്കുന്നു. കൊവിഡ് മറന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ, ആരോഗ്യ വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കപ്പെടണമെന്ന് പ്രവർത്തകർക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് വ്യത്യസ്തമായ ഈ പ്രചാരണ രീതി.
പ്രശസ്തചിത്രകാരൻ സെൽവൻ മേലൂരും, വി.കെ രമേശനും ചേർന്ന് ഏഴാംവാർഡിലെ കെ.പി സുനിൽ കുമാറിന്റെ ഗേറ്റ് മതിലിലൊരുക്കിയ ചുമരെഴുത്ത് ഫ്ളക്സിൽ നിന്നുള്ള വിടവാങ്ങൽ കൂടിയായി.