കണ്ണൂർ: സ്ഥാനാർത്ഥികൾ വീട് കയറിയുള്ള പ്രചാരണത്തിലേക്ക് കടന്നതോടെ കൊവിഡ് പ്രതിരോധത്തിന് കർശന നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രോഗ വ്യാപന സാദ്ധ്യത പൂർണമായും തടഞ്ഞുനിർത്താൻ സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്ന് ഡി.എം.ഒ നിർദ്ദേശിച്ചു.
നേരിട്ടുള്ള സമ്പർക്ക സാദ്ധ്യതകൾ ഇല്ലാത്ത പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ഓൺലൈൻ സംവിധാനങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യണം. ആൾക്കൂട്ടമുണ്ടാകുന്ന തരത്തിലുള്ള ഒരു പരിപാടിയും സംഘടിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിന് ഒരു സമയം അഞ്ചു പേർ മാത്രമേ പാടുള്ളൂ. വീട്ടിലേക്ക് കയറാതെ പുറത്ത് 2 മീറ്റർ അകലം പാലിച്ച് വോട്ട് അഭ്യർത്ഥിക്കാം. കൊവിഡ് ബാധിതനായ സ്ഥാനാർത്ഥി നേരിട്ടുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് പൂർണമായി വിട്ടുനിൽക്കണം. കൊവിഡ് പോസിറ്റീവായി വീട്ടിൽ കഴിയുന്നവരുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും വീടുകൾ സന്ദർശിക്കരുത്.
ഒഴിവാക്കേണ്ടത്
1. ഹസ്തദാനം, ആലിംഗനം, അനുഗ്രഹം, കുഞ്ഞുങ്ങളെ എടുക്കുക തുടങ്ങിയവ
2. കടലാസിലുള്ള നോട്ടീസുകളും സന്ദേശങ്ങളും പരമാവധി
3. വയോജനങ്ങൾ, കുട്ടികൾ, ഗുരുതരരോഗം ബാധിച്ചവർ, ഗർഭിണികൾ എന്നിവരുമായുള്ള ഇടപഴകൽ
4. കൊവിഡ് 19 രോഗലക്ഷണങ്ങളിലേതെങ്കിലും ഉള്ളവരുടെ പ്രചാരണം
5. ഹാരാർപ്പണം, ബൊക്ക നല്കൽ, നോട്ടുമാല അണിയിക്കൽ, ഷാൾ അണിയിക്കൽ
സ്വീകരിക്കേണ്ടത്
1. പരമാവധി ഡിജിറ്റൽ പോസ്റ്ററുകളും സന്ദേശങ്ങളും
2. എല്ലാ പ്രവർത്തകരും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുക
3. ഇടയ്ക്കിടെ കൈകൾ അണുവിമുക്തമാക്കണം.
4. പ്രചാരണം കഴിഞ്ഞെത്തുന്നവർ കുളിച്ച് അണുവിമുക്തമാക്കി വീട്ടിൽ ഇടപഴകുക
5. മാസ്‌ക് ഒരിക്കലും താഴ്ത്തി വയ്ക്കരുത്