കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ചൂട് കടുക്കുന്ന സംസ്ഥാനത്ത് ഒരു കോലാഹലങ്ങളും എത്തിനോക്കാത്ത ചില സ്ഥലങ്ങളുണ്ട്.സംസ്ഥാനരാഷ്ട്രീയത്തിൽ എന്നും സുപ്രധാന റോൾ നിർവഹിക്കുന്ന കണ്ണൂരിലാണ് ഇതിൽ ഒന്നുരണ്ടെണ്ണം. കണ്ണൂർ കോർപറേഷനിനകത്തുള്ള കന്റോൺമെന്റ് ഏരിയയും മട്ടന്നൂർ നഗരസഭയുമാണ് പുറത്തുനടക്കുന്ന തിരഞ്ഞെടുപ്പിന്റെ വീറും വാശിയും കാഴ്ചക്കാരുടെ റോളിൽ കണ്ടുനിൽക്കുന്നത്.
കണ്ണൂർ നഗരത്തിൽ തന്നെയാണ് കണ്ണൂർ കന്റോൺമെന്റ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ ഏക കന്റോൺമെന്റ് രാജ്യത്തെ തന്നെ ഏറ്റവും ചെറിയ കന്റോൺമെന്റ് കൂടിയാണ്. 1.70 ചതുരശ്ര കിലോമീറ്ററാണ് മൊത്തം വിസ്തീർണം. ജനസംഖ്യ 4798 . ഇതിൽ സിവിലിയൻ ജീവനക്കാരും പ്രദേശത്ത് താമസിക്കുന്ന സൈനികരുടെ കുടുംബങ്ങളും ഉൾപ്പെടും. കന്റോൺമെന്റിൽ ആറു വാർഡുകളാണുള്ളത്. കോൺഗ്രസിനാണ് കന്റോൺമെന്റ് ബോർഡിൽ മേൽക്കൈ. ബോർഡിന്റെ പ്രസിഡന്റായ ആർമി സ്റ്റേഷൻ കമാൻഡർ മിലിട്ടറി ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫിസർ ഗാരിസൺ, എൻജിനിയർ കന്റോൺമെന്റ് എക്‌സിക്യുട്ടീവ് ഓഫിസർ ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിക്കുന്ന അഡീഷനൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് എന്നിവരാണ് ബോർഡിലെ മറ്റു പ്രതിനിധികൾ.
ഇവിടെ അഞ്ചു വർഷം കുടുമ്പോൾ തിരഞ്ഞെടുപ്പ് നടക്കാറുണ്ടെങ്കിലും പലപ്പോഴും ഭരണ സമിതിയുടെ കാലാവധി നീട്ടി നൽകുന്നതാണ് പതിവ്. കഴിഞ്ഞ ആഗസ്തിൽ കാലാവധി പൂർത്തിയായ ബോർഡിന് ആറ് മാസംവരെ നീട്ടി നൽകിയിട്ടുണ്ട്. രാജ്യത്തെ മറ്റ് കന്റോൺമെന്റ് പ്രദേശങ്ങളിലെകൂടി തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാലാണ് കാലാവധി നീട്ടിനൽകിയത്. അടുത്ത വർഷം ഫെബ്രുവരിയിൽ കന്റോൺമെന്റ് ബോർഡിൽ തെരഞ്ഞെടുപ്പ് നടത്തും.
നിലവിൽ ആറു വാർഡുകളാണ് ഉള്ളത്. ഇതിൽ അഞ്ചിലും കോൺഗ്രസിനാണ് വിജയം. ഒരു സീറ്റിൽ സി.പി.എമ്മാണ് ജയിച്ചത്. കഴിഞ്ഞ തവണ എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. ബോർഡ് വൈസ് പ്രസിഡന്റ് സ്ഥാനം തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് സംവരണം ചെയ്തതാണ്.
കണ്ണൂർ നഗരസഭയുടെ ഭാഗമായിരുന്ന ബർണാശേരിയെ വേർപ്പെടുത്തി 1930 ജനുവരി ഒന്നിനാണ് കണ്ണൂർ കന്റോൺമെന്റ് നിലവിൽ വന്നത്.
വിമാനത്താവള നഗരമായ മട്ടന്നൂരിലും മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം തിരഞ്ഞെടുപ്പില്ല.കാലാവധി പൂർത്തിയാക്കി 2022 ലാണ് ഇവിടെ തിരഞ്ഞെടുപ്പ് . 1990 ൽ ഇ.കെ നായനാർ മന്ത്രിസഭ മട്ടന്നൂർ ഗ്രാമപഞ്ചായത്തിനെ നഗരസഭയായി ഉയർത്തിയപ്പോൾ 1991 ൽ യു.ഡി.എഫ് മന്ത്രിസഭ വീണ്ടും പഞ്ചായത്താക്കി. 1997ൽ എൽ.ഡി.എഫ് ആദ്യ മന്ത്രിസഭായോഗത്തിൽ മട്ടന്നൂരിനെ വീണ്ടും നഗരസഭയാക്കി പ്രഖ്യാപിച്ചു.1997 ൽ നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അധികാരത്തിൽ വരികയും ചെയ്തു.