കണ്ണൂർ:തീരദേശമാണ് അഴീക്കൽ പഞ്ചായത്തിലെ പത്താം വാർഡായ നീർക്കടവ്. വോട്ടർമാരെല്ലാം കടലിനെ നന്നായി അറിയുന്നവർ. വനിതാസംവരണമാണ് ഇക്കുറി. മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരെന്നതാണ് ഇവിടത്തെ പ്രത്യേകത.
എൽ.ഡി.എഫിൽ നിന്നും പി.വി.റീന, യു.ഡി.എഫിൽ നിന്നും കെ.വി.അനു, ബി.ജെ.പിയിൽ നിന്നും പി.എ.ജലജ എന്നിവരാണ് ഏറ്റുമുട്ടുന്നത്. ഇവിടെ പ്രചാരണവിഷയമാകുന്നതും കടലുമായി ബന്ധപ്പെട്ട വിഷയം തന്നെ.
എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചിരുന്ന വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി ആദ്യമായി അക്കൗണ്ട് തുറന്നത്.വാർഡിലെ വികസനം നിരത്തി ബി.ജെ.പിയും സംസ്ഥാന സർക്കാരിന്റെയും പഞ്ചായത്തിന്റെയും ഭരണനേട്ടങ്ങൾ നിരത്തി എൽ.ഡി.എഫും വോട്ടുചോദിക്കുമ്പോൾ കോട്ടങ്ങളുടെ പട്ടികയുമായാണ് യു.ഡി.എഫ് വീടുവീടാന്തരം കയറിയിറങ്ങുന്നത്.
95 ശതമാനം മത്സ്യത്തൊഴിലാളി കുടുംബങ്ങളുള്ള നീർക്കടവിൽ മത്സ്യത്തൊഴിലാളികൾക്ക് വീട് നൽകുന്നതിന് സർക്കാർ നടപ്പിലാക്കിയ പുനർഗേഹം, ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികൾ നിരത്തിയാണ് എൽ.ഡി.എഫ് പ്രചരണം ശക്തമാക്കുന്നത്. ശൗചാലയം, കുടിവെള്ളം ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയെന്ന അവകാശവാദവുമായാണ് ബി.ജെ.പി വാർഡ് നിലനിർത്താൻ ശ്രമിക്കുന്നത്. എന്നാൽ ആനുകൂല്യനിഷേധം ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് ഇരുമുന്നണികൾക്കുമെതിരെ കുറ്റപത്രം ഒരുക്കുന്നത്.
പ്രദേശത്ത് ഒരു മാറ്റം വരണം. പുതിയ പ്രതിനിധികളായി വരട്ടെയെന്നാണ് വോട്ടർമാർ പറയുന്നത്. വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നല്ലെന്ന് മിക്ക വോട്ടർമാരും ഉന്നയിക്കുന്നുണ്ട്. നല്ല വിജയ പ്രതീക്ഷയുണ്ട്.
കെ.വി.അനു, യു.ഡി.എഫ് സ്ഥാനാർത്ഥി
ഇടതുസർക്കാർ വിവിധ ഭവന പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും നീർക്കടവ് വാർഡിലെ പലർക്കും ഈ ആനുകൂല്യം ലഭ്യമാക്കാൻ വാർഡിലെ നിലവിലുള്ള ഭരണ സംവിധാനത്തിന് കഴിഞ്ഞിട്ടില്ല.
പി.വി.റീന,എൽ.ഡി.എഫ് സ്ഥാനാർത്ഥി
മികച്ച വികസന പ്രവർത്തനങ്ങളാണ് വാർഡിൽ നടന്നത്. 200 വീടുകളിൽ കുടിവെള്ളമെത്തിച്ചു. ശൗചാലയം നിർമ്മിച്ചു നൽകി. പെൻഷൻ കൃത്യമായി നൽകാൻ സാധിച്ചു . നല്ല വിജയ പ്രതീക്ഷയുണ്ട്.
പി.എ. ജലജ, ബി.ജെ.പി സ്ഥാനാർത്ഥി