കണ്ണൂർ:സിനിമാ പോസ്റ്ററുകളെ വെല്ലുന്നവയാണ് ഇക്കുറി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ മുന്നിൽ നിൽക്കുന്നത്. സമൂഹമാദ്ധ്യമങ്ങൾ പ്രചാരണത്തിനുള്ള പ്രധാന സംവിധാനമായതോടെയാണ് പഴയ രീതിയിലുള്ള പോസ്റ്ററുകൾക്ക് പകരം ഔട്ട്ഡോർ ചിത്രങ്ങളടക്കമുള്ള കിടുപോസ്റ്ററുകൾ രംഗം കൈയടക്കിയത്.
ഇത്തരം പോസ്റ്ററുകൾ നിമിഷ നേരം കൊണ്ട് ഒാൺലൈനിൽ വൈറലാകുന്നതും സ്ഥാനാർത്ഥികളെ രസംപിടിപ്പിക്കുന്നുണ്ട്. സ്റ്റുഡിയോയിൽ നിന്നുള്ള സാധാരണ ഫോട്ടോ ഷൂട്ട് ഇതോടെ ഇല്ലാതായി. ബുള്ളറ്റിലും ജീപ്പിലും കയറിയുള്ള മാസ് ലുക്കിലാണ് പലരും. തോണിയിൽ കയറിയും ചായപ്പീടികയിൽ ഇരുന്നും കർഷകരുടെ വേഷമിട്ടുമെല്ലാമാണ് സ്ഥാനാർത്ഥികൾ പോസ്റ്ററുകളെ കൈയടക്കിയിരിക്കുന്നത്.
അൻപതും അതിന് മുകളിലും പോസ്റ്ററുകളാണ് സ്റ്റുഡിയോകളിൽ ദിവസവും തയ്യാറാക്കി കൊണ്ടിരിക്കുന്നത്. മുന്നണികൾ തന്നെയാണ് പലപ്പോഴും ആശയം മുന്നോട്ട് വയ്ക്കുന്നതെന്നും പിന്നീട് അത് മിനുക്കിയെടുക്കേണ്ട പണിമാത്രമേ തങ്ങൾക്കുള്ളുവെന്നുമാണ് ഫോട്ടോഗ്രാഫർമാർ പറയുന്നത്.പതിവ് നിറങ്ങളിൽനിന്നും മാറി പാർട്ടികൾ പല നിറങ്ങളിലേക്കും കടന്നിട്ടുണ്ടെന്ന് ഡിസൈനർമാരും പറയുന്നു.
കർഷകൻ, ടൈലർ അങ്ങനെ,അങ്ങനെ..
വോട്ടർമാരിൽ ഒരാളായിക്കൊണ്ടുള്ള ചിത്രങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.സ്ഥാനാർത്ഥികളുടെ തൊഴിലും നിത്യ ജീവിതവുമെല്ലാം അടിസ്ഥാനപ്പെടുത്തി മറ്റ് വച്ച് കെട്ടുകൾ ഒന്നുമില്ലാതെ ഫോട്ടോ ഷൂട്ട് നടത്തി വ്യത്യസ്തത കൊണ്ടു വരാനും സ്ഥാനാർത്ഥികളും ഫോട്ടോഗ്രാഫർമാരും ഡിസൈനർമാരും ശ്രദ്ധിക്കുന്നുണ്ട്.സ്ഥാനാർത്ഥി കൃഷിപ്പണി ചെയ്യുന്നതും തയ്ക്കുന്നതുമൊക്കെ പോസ്റ്ററുകളാണ്.സ്ഥാനാർത്ഥിയെ മാത്രം പോസ്റ്ററിൽ ഉൾപ്പെടുത്തുന്ന രീതിയും പാടെ മാറി .രണ്ടോ മൂന്നോ ആളുകളെയും ഉൾപ്പെടുത്തി ഏതെങ്കിലും ഒരു തീം ഉൾകൊള്ളിച്ചുള്ള പോസ്റ്ററുകൾക്കും സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രിയമേറെയാണ്.
'സ്റ്റുഡിയോയിൽ നിന്നുള്ള ഫോട്ടോ ഷൂട്ട് വളരെ കുറഞ്ഞു.ഒൗട്ട് ഡോർ ഷൂട്ടിലേക്ക് മുന്നണികളും മാറി കഴിഞ്ഞു.തീം മുൻ നിർത്തിയാണ് ചാർജ് ഈടാക്കുന്നത്.ആശയങ്ങൾ പലപ്പോഴും മുന്നണികൾ തന്നെയാണ് മുന്നോട്ട് വയക്കാറുള്ളത്'
അഭിഷേക് നടുവിൽ,ക്രിയേറ്റീവ് ആഡ് സൊലൂഷൻ ,നടുവിൽ