തളിപ്പറമ്പ്:ഏരുവേശി കള്ളവോട്ട് കേസിലെ പ്രതിപട്ടികയിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാല് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകിയ ഹരജി തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളി. കേസിൽ നിന്ന് ഒഴിവാക്കിയ കള്ളവോട്ട് ചെയ്ത 25 പേരെയും പ്രതിചേർക്കണമെന്ന പരാതിക്കാരൻ ജോസഫ് കൊട്ടുകാപ്പള്ളിയുടെ ഹരജി കോടതി അംഗീകരിക്കുകയും ചെയ്തു. ഇന്നലെ തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതിയാണ് ഇത് സംബന്ധിച്ച് വിധി പ്രസ്താവിച്ചത്.
കള്ളവോട്ട് ചെയ്ത 25 പേർക്കെതിരെ കൂടുതൽ അന്വേഷണം നടത്താനും യഥാർത്ഥ വോട്ടർമാരെ സാക്ഷികളായി ഉൾപ്പെടുത്താനും കുടിയാൻമല പൊലീസിന് കോടതി നിർദ്ദേശം നൽകി. 2014 ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ മണ്ഡലത്തിലെ ഏരുവേശ്ശിയിൽ ഒരു ബൂത്തിൽ കള്ളവോട്ട് ചെയ്‌തെന്ന കേസിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ പോളിംഗ് ഉദ്യോഗസ്ഥരും നേരത്തെ താൻ നൽകിയ പ്രതിപ്പട്ടികയിൽ നിന്ന് പൊലീസ് ഒഴിവാക്കിയ 25 പേരെ പ്രതിയാക്കണമെന്ന് ഹരജിക്കാരനായ ജോസഫ് കൊട്ടുകാപ്പള്ളിയും നൽകിയ ഹരജിയിലാണ് നിർണായകമായ വിധി .
ഏരുവേശ്ശി കെ.കെ.എൻ.എം.എ യു പി സ്‌കൂളിലെ 109ാം ബൂത്തിലെ ബി.എൽ.ഒ ഏരുവേശി മുയിപ്രയിലെ കെ. വി. അശോക് കുമാർ, പെരളശ്ശേരി മക്രേരിയിലെ വി. കെ. സജീവൻ, പാനുണ്ട എരുവാട്ടിയിലെ കെ. വി. സന്തോഷ് കുമാർ, ധർമ്മടം സ്വദേശി എ. സി. സുധീപ്, പിണറായിലെ വാരിയമ്പത്ത് ഷജനീഷ് എന്നിവർക്കെതിരെയാണ് കോടതിനിർദ്ദേശപ്രകാരം നേരത്തെ കേസെടുത്തത്. കുടിയാൻമല പൊലീസ് തളിപ്പറമ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അശോക് കുമാർ ഒഴികെയുള്ള 4 പ്രതികളാണ് കോടതിയെ സമീപിച്ചത്.
കേസ് വന്ന വഴി
2014ലെ ലോക് സഭ തിരഞ്ഞെടുപ്പിൽ ഏരുവേശ്ശി കെ .കെ. എൻ. എം. എ. യു.പി സ്‌കൂളിലെ 109ാം നമ്പർ ബൂത്തിൽ . 154 പേരുടെ കള്ളവോട്ട് ഈ ബൂത്തിൽ ചെയ്തുവെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളി കുടിയാൻമല പരാതി നൽകിയതാണ് കേസിന്റെ തുടക്കം. എന്നാൽ, കേസെടുക്കാൻ കുടിയന്മാല പൊലീസ് തയ്യാറായിരുന്നില്ല. തുടർന്ന് ജോസഫ് തളിപ്പറമ്പ് കോടതിയിൽ നൽകിയ ഹരജിയിൽ തെളിവില്ലെന്നായിരുന്നു പൊലീസ് നൽകിയ റിപ്പോർട്ട്. തുടർന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽമുഴുവൻ രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് കെമാൽപാഷ കണ്ണൂർ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകി. രേഖകൾ പ്രകാരം പട്ടാളത്തിൽ ജോലി ചെയ്യുന്ന നാലുപേരുടെയും ഗൾഫിൽ ജോലി ചെയ്യുന്ന 37 പേരുടെയും മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന 17 പേരുടെയും ഉൾപ്പെടെ 58 കള്ളവോട്ടുകൾ ചെയ്തതായി കണ്ടെത്തി. തുടർന്നാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കേസെടുത്തത്.