കാഞ്ഞങ്ങാട്: പത്രിക സമർപ്പണത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ റിബലുകളുടെ രംഗപ്രവേശം മുന്നണികൾക്ക് തലവേദനയാകുന്നു. മുൻകാല തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസാണ് റിബൽ ഭീഷണി നേരിട്ടിരുന്നതെങ്കിൽ ഈ തിരഞ്ഞെടുപ്പിൽ സി.പി.എമ്മും മുസ്ലിംലീഗുമാണ് ഇത്തവണ കൂടുതലായി കുടുക്കിലായത്.
സി.പി.എമ്മിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥി കെ.വി സുജാത മത്സരിക്കുന്ന അതിയാമ്പൂർ വാർഡിൽ മുൻ കൗൺസിലർ പി. ലീലയാണ് റിബൽ സ്ഥാനാർത്ഥിയായെത്തിയത്. സി.ഐ.ടി.യുവിന്റെ സജീവ പ്രവർത്തകയാണ് ലീല. ഇവരുടെ ഭർത്താവ് ബല്ല രാജനും സി.ഐ.ടി.യു നേതാവാണ്. അതിയാമ്പൂർ സി.പി.എമ്മിന് സ്വാധീനമുള്ള വാർഡാണെങ്കിലും രണ്ടു തവണ പാർട്ടി സ്ഥാനാർത്ഥികൾ ഇവിടെ പരാജയപ്പെട്ടിട്ടുമുണ്ട്.
മുസ്ലിംലീഗിൽ മൂന്നിടത്താണ് റിബലുകൾ പത്രിക നൽകിയത്. നിലാങ്കര കെ.കെ ഇസ്മയിലും ബാവാനഗറിൽ എം. ഇബ്രാഹിമും ഹൊസ്ദുർഗ് കടപ്പുറത്ത് ആസിയ ഉബൈദുമാണ് റിബലുകൾ. നിലാങ്കരയിൽ പി. അസീസും ബാവാനഗറിൽ അഷ്റഫുമാണ് ഔദ്യോഗിക സ്ഥാനാർത്ഥികൾ. ഇസ്മയിൽ ഹൊസ്ദുർഗ് ബാങ്ക് ഡയറക്ടറുമാണ്. ലീഗിൽ ഒട്ടേറെ പദവികൾ വഹിച്ചിട്ടുള്ള എം. ഇബ്രാഹിമിനെ തഴഞ്ഞ് സി.കെ അഷ്റഫിനെ സ്ഥാനാർത്ഥിയാക്കിയത് പ്രവർത്തകർ ഉൾക്കൊണ്ടിട്ടില്ല. ഇന്നലെ വൈകിട്ട് വിളിച്ചു ചേർത്ത യു.ഡി.എഫ് വാർത്താസമ്മേളനം മാറ്റിവച്ചതിന് പിന്നിലും റിബൽ ഭീഷണിയാണെന്നും പറയുന്നുണ്ട്.