കാഞ്ഞങ്ങാട്: ഉത്തരകേരളം അടയാളപ്പെടുത്തിയ ഉശിരൻ സ്വാതന്ത്രപോരാളിയും ഗാന്ധിയൻ കമ്മ്യൂണിസ്റ്റുമായ കെ. മാധവേട്ടൻ സ്വന്തം വാർഡിൽ പരാജയപ്പെട്ട അനുഭവമാണ് 1979ലെ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട്ടുകാരുടെ ഓർമ്മയിലുള്ളത്. അന്ന് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ സി.പി.എം നേതാവ് അഡ്വ.പി.അപ്പുക്കുട്ടന് മുന്നിലാണ് ആ അതികായൻ അടിപതറിവീണത്.14വർഷം കാഞ്ഞങ്ങാട് പഞ്ചായത്തിന്റെ പ്രസിഡന്റ് കൂടിയായിരുന്നു മാധവേട്ടൻ.
79 ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അതിയാമ്പൂരിന്റെ ഒരു ഭാഗവും നെല്ലിക്കാട്ടും ചേർന്നതായിരുന്നു രണ്ടാം വാർഡ് .അദ്ദേഹത്തെ നേരിടുന്നതിൽ മോശമല്ലാത്ത ആശങ്കയുണ്ടായിരുന്നുവെന്ന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി കൂടിയായ അപ്പുക്കുട്ടൻ വക്കീൽ ഓർമ്മിക്കുന്നു
രണ്ടാംവാർഡിൽ തിരഞ്ഞെടുപ്പിൽ 280 വോട്ടിനായിരുന്നു മാധവേട്ടൻ പരാജയപ്പെട്ടത്. മാധവേട്ടനെ പരാജയപ്പെടുത്തിയ തനിക്ക് അന്ന് ജില്ലയിലെ പല ഭാഗത്തും സ്വീകരണം ലഭിച്ചുവെന്നും പി.അപ്പുക്കുട്ടൻ പറഞ്ഞു.വലതുമുന്നണി സ്ഥാനാർത്ഥിയായിരുന്നു അന്ന് കെ.മാധവൻ. സി.പി.ഐയും സി.പി.എമ്മും ഇരുചേരികളിലായ സമയം. സി.പി.ഐ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.
ആ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റായി സി.പി.എം കണക്കുകൂട്ടി നിർത്തിയത് പ്രമുഖ അഭിഭാഷകനായ കെ.പുരുഷോത്തമനെയായിരുന്നു. വോട്ടെണ്ണലിൽ ഐക്യമുന്നണിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ തോൽവി ആഘോഷിക്കാനിറങ്ങിയ സി.പി.എമ്മിന് പക്ഷെ പുരുഷോത്തമൻ വക്കീലിന്റെ തോൽവി ഇരുട്ടടിയായി. ബി.കർത്തമ്പുമേസ്തിരിയോടായിരുന്നു അദ്ദേഹത്തിന്റെ തോൽവി. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ തോൽവി നേട്ടമായതാകട്ടെ ജനതാ സ്വതന്ത്രനായി എട്ടാംവാർഡിൽ നിന്നും ജയിച്ചുകയറിയ കെ.വി.എൽ ഷേണായിക്കായിരുന്നു.ജനസംഘത്തിലെ പ്രമുഖ നേതാവ് ഉമാനാഥറാവുവിനെ തറപറ്റിച്ച കെ.വി.എൽ.ഷേണായി പക്ഷെ രണ്ടരക്കൊല്ലം കഴിഞ്ഞപ്പോൾ മറുപക്ഷത്തിന്റെ പിന്തുണയോടെയാണ് സ്ഥാനത്ത് ഇരുന്നതെന്നതും കൗതുകമായി.
കെ.മാധവനെ തോൽപ്പിച്ച് തുടങ്ങിയ അഡ്വ.പി.അപ്പുക്കുട്ടൻ 84 ൽ കാഞ്ഞങ്ങാട് നഗരസഭയായപ്പോൾ അഡ്വ.കേശവൻകുട്ടിയേയും 95ൽ ഇ.വി.ഗംഗാധരപൊതുവാളിനെയും തോൽപ്പിച്ച് കൗൺസിലറായി. ഈ കൗൺസിലിന്റെ കാലാവധിയ്ക്ക് ശേഷം പാർട്ടിയുടെ നേതൃസ്ഥാനത്തും പിന്നീട് സംസ്ഥാന ലൈബ്രറി കൗൺസിലിൽ സുപ്രധാന ചുമതലക്കാരനുമായി മാറുകയായിരുന്നു.