തൃക്കരിപ്പൂർ: എൽ.ഡി.എഫ് തൃക്കരിപ്പൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സി.പി.ഐ വിട്ടുനിന്നു.

കോരൻ മാസ്റ്റർ ഹാളിൽ നടന്ന കൺവെൻഷനിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും മത്സരിക്കാൻ നൽകാത്ത തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പാർട്ടി ഇത്തരത്തിലൊരു തീരുമാനമെടുത്തത്. കഴിഞ്ഞ തവണ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ സി.പി.ഐ. മത്സരിച്ചിരുന്നു.

എന്നാൽ ഈ സീറ്റ് എൽ.ജെ.ഡിക്ക് നൽകുമ്പോൾ പാർട്ടിയുമായി ഒരു കൂടിക്കാഴ്ചയും നടത്തിയില്ലെന്നാണ് നേതൃത്വത്തിന്റെ ആക്ഷേപം. അതോടൊപ്പം തൃക്കരിപ്പൂർ, വലിയപറമ്പ് പഞ്ചായത്തുകളിലേക്ക് മത്സരിക്കേണ്ടെന്ന് ഇന്നലെ വൈകിട്ടു നാലുമണിക്കു നീലേശ്വരത്തു ചേർന്ന സി.പി.ഐ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.

എന്നാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകുമെന്നും നേതാക്കൾ അറിയിച്ചു. സി.പി.ഐ യോഗത്തിൽ എം. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി. വിജയകുമാർ, ജില്ലാ നേതാക്കളായ എം. അന്നാനാർ, എ. അമ്പൂഞ്ഞി, പി. ഭാർഗ്ഗവി പങ്കെടുത്തു.

തിരഞ്ഞെടുപ്പ് കൺവെൻഷൻ എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ വെങ്ങാട്ട് കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി. ബാലകൃഷ്ണൻ, വി.പി.പി. മുസ്തഫ, വി.കെ. ഹനീഫ ഹാജി, വി.വി. കൃഷ്ണൻ, ഇ. കുഞ്ഞിരാമൻ, കെ.വി. ഗോപാലൻ, ഇ. നാരായണൻ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി മനു.എം., ബ്ലോക്ക് - പഞ്ചായത്ത് വാർഡുകളിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളെയും യോഗത്തിൽ പരിചയപ്പെടുത്തി. എം. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.