shanavas

കാസർകോട്: കോൺഗ്രസ് നേതാവും കഴിഞ്ഞ ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് അംഗവുമായിരുന്ന ഷാനവാസ് പാദൂരിന്റെ രാജിയും ചെങ്കള ഡിവിഷനിലെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിത്വവും യു.ഡി.എഫിന് ദോഷം ചെയ്തേക്കും. കോൺഗ്രസ് നേതൃത്വത്തിന്റെ തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ച് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചാണ് ഷാനവാസ് മത്സരിക്കുന്നത്.

കോൺഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനവും പാർട്ടി പാരമ്പര്യമുള്ളവരെ തുടർച്ചയായി തള്ളി പറയുന്നതിലും പ്രതിഷേധിച്ച് പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതായി ഇന്നലെ അദ്ദേഹം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ നിലപാടുകളിലെ ചാഞ്ചാട്ടം പരിധി വിടുന്നതായും ഷാനവാസ് ആരോപിച്ചിരുന്നു. ദീർഘകാലം ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പാദൂർ കുഞ്ഞാമു ഹാജിയുടെ മകനായ ഷാനവാസ്‌ പിതാവിനൊപ്പം കോൺഗ്രസ് പ്രവർത്തനത്തിൽ സജീവമായി വളർന്നു വന്നതാണ്. അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെ പേരിൽ ഉദുമ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയും പിന്നീട് ഷാനവാസിനെ അവഗണിക്കുകയും ചെയ്യുന്ന സമീപനമാണ് ഡി.സി.സി നേതൃത്വം സ്വീകരിച്ചത്.

ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പദവി രണ്ടരവർഷം കഴിഞ്ഞ ശേഷം കോൺഗ്രസിന് വിട്ടുതരണമെന്ന കരാർ പാലിക്കണമെന്ന വാദമുയർത്തി യു.ഡി.എഫിൽ ഷാനവാസ് കലാപക്കൊടി ഉയർത്തിയിരുന്നു. എന്നാൽ ലീഗ് നേതൃത്വത്തിന് വഴങ്ങി ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ കാസർകോട്ടെ കോൺഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല. ഇതേച്ചൊല്ലി നിരവധി പ്രതിഷേധ ശബ്ദം ഷാനവാസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കുകയും ഈ ആവശ്യമുയർത്തി ജില്ലാ പഞ്ചായത്ത് യോഗം ബഹിഷ്കരിക്കുകയും ചെയ്തു.

ഡി.സി.സി നേതൃത്വം അയഞ്ഞ സമീപനം സ്വീകരിക്കുകയും യു.ഡി.എഫ് ഈ വിഷയം ചർച്ച ചെയ്യാതിരിക്കുകയും ചെയ്തതിൽ ഷാനവാസ് നേരത്തെ കടുത്ത പ്രതിഷേധത്തിലായിരുന്നു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് മുസ്ലീംലീഗിന് വിട്ടു കൊടുത്തിട്ടും കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച കരാർ നടപ്പാക്കാൻ മുന്നണിയിൽ തീരുമാനം ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് നേരത്തെ കോൺഗ്രസ് പ്രവർത്തനങ്ങളിൽ നിന്നും അകന്നു മാറി നിന്നിരുന്ന ഷാനവാസ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുന്നതുവരെ കാത്തിരിക്കുകയായിരുന്നു. ജയസാദ്ധ്യതയുള്ള സീറ്റ് നൽകിയില്ല എന്നതിനുപുറമേ ചെമ്മനാട് പഞ്ചായത്തിൽ തന്റെ പക്ഷക്കാരായ ആളുകൾക്ക് ജയിക്കുന്ന സീറ്റ് നൽകാത്തതിലും ഷാനവാസ് പരാതി ഉന്നയിച്ചിരുന്നു. ഒടുവിൽ പാർട്ടിയിൽ നിന്നുതന്നെ രാജിവെച്ച് ഇടതുപക്ഷ സഹയാത്രികൻ ആകാൻ ഷാനവാസ് തീരുമാനിക്കുകയായിരുന്നു.

ചെങ്കള ജില്ലാ പഞ്ചായത്ത് ഡിവിഷന് ഒപ്പം ചെമ്മനാട് ഗ്രാമപഞ്ചായത്തിലും നിരവധി വാർഡുകളിൽ തെരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാൻ ഷാനവാസിന് കഴിയുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. ചെമ്മനാട് ഗ്രാമ പഞ്ചായത്തിൽ ഷാനവാസിന് വലിയ കുടുംബ ബന്ധങ്ങളും ഉണ്ട്. ഈ അനുകൂല സാഹചര്യങ്ങൾ എല്ലാം മുതലെടുക്കാൻ ഷാനവാസിനെ കഴിഞ്ഞാൽ ഇടതുപക്ഷത്തിന് കൂടുതൽ പ്രദേശങ്ങളിലേക്ക് കടന്നുചെല്ലാൻ കഴിഞ്ഞേക്കും. ജില്ലാ പഞ്ചായത്തിന്റെ ചെങ്കള ഡിവിഷനിൽ വിജയിക്കാൻ കഴിഞ്ഞാൽ ഷാനവാസിന്റേത് കാസർകോട് ജില്ലയിലെ തന്നെ വലിയ തെരഞ്ഞെടുപ്പ് അട്ടിമറി ആകും.